സൗദിയില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഹയര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു; ദമാമില്‍നിന്ന് പ്രതിനിധിയില്ല

ആറു വര്‍ഷം ഹയര്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ച ജോണ്‍ തോമസിനെ ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ് മെമന്റോ നല്‍കി ആദരിക്കുന്നു.

ദമാം- സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകളുടെ ഹയര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. റിയാദില്‍ നിന്നുള്ള ജോയി സി.മുഖര്‍ജി, നീതി പറുതി, ജിദ്ദയില്‍ നിന്നുള്ള അബ്ദുല്‍ ഗഫൂര്‍ ഡാനിഷ്‌ എന്നിവരാണ് ഹയര്‍ ബോര്‍ഡ് അംഗങ്ങള്‍. ഇന്ത്യന്‍ അംബാസഡര്‍ മുഖ്യ രക്ഷാധികാരിയും. ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍, എംബസി സ്‌കൂള്‍ നിരീക്ഷകന്‍, രാജ്യത്തെ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, ഭരണ സമിതി ചെയര്‍മാന്മാര്‍ എന്നിവരടങ്ങുന്നതാണ് ഹയര്‍ ബോര്‍ഡ്. റിയാദില്‍ നിന്നുള്ള മിലിന്‍ പന്ദേക്കര്‍, ജിദ്ദയില്‍ നിന്നുള്ള ഹസന്‍ ഗിയാസ്, ദമാമില്‍ നിന്നുള്ള ജോണ്‍ തോമസ് എന്നിവരായിരുന്നു കഴിഞ്ഞ ഹയര്‍ ബോര്‍ഡിലെ അംഗങ്ങള്‍. രാജ്യത്തെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഭരണ കാര്യങ്ങളില്‍ കഴിഞ്ഞ കാലങ്ങളില്‍ നടന്ന ചില ആക്ഷേപങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഹയര്‍ ബോര്‍ഡ് വിവിധ ഇന്ത്യന്‍ സ്‌കൂളുകളിലെ ഭരണ സമിതി എടുക്കുന്ന നയപരമായ തീരുമാനങ്ങള്‍ പരിശോധിക്കുന്നതിനും സ്‌കൂളുകളുടെ പ്രവര്‍ത്തനം ക്രമീകരിക്കുന്നതിനും പുതിയ ഒരു നയരേഖ നടപ്പിലാക്കിയിട്ടുണ്ട്. സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന പുതിയ പദ്ധതികള്‍ക്കും, വിവിധ കോണ്‍ട്രാക്റ്റുകള്‍ക്കും, ഭീമമായ തുകകള്‍ കൊണ്ടുള്ള ക്രയ വിക്രയങ്ങള്‍ക്കും ഹയര്‍ ബോര്‍ഡിന്റെ അംഗീകാരം വാങ്ങിയിരിക്കണമെന്നതും നയരേഖകളില്‍ പറയുന്നു.
അതിനിടെ, ഹയര്‍ ബോര്‍ഡ് പുനഃസംഘടനയില്‍ ദമാമില്‍നിന്ന് പ്രതിനിധി ഇല്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.  
കഴിഞ്ഞ കാലത്ത് ദമാം ഇന്ത്യന്‍ സ്‌കൂളില്‍ നടപ്പിലാക്കിയ പല പദ്ധതികളിലും പരാതികള്‍ ഉയര്‍ന്നു വന്നിരുന്നു. ഇതിന്റെ പേരില്‍ ചില നിയമ നടപടികളുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കെയാണ് പതിനയ്യായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയമുള്ള ദമാമിലെ ഇന്ത്യന്‍ സമൂഹത്തെ പാടെ അവഗണിച്ചിരിക്കുന്നത്.

ആറ് വര്‍ഷം ഹയര്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ച ജോണ്‍ തോമസിന് റിയാദ് ഇന്ത്യന്‍ എംബസിയില്‍ അംബാസഡര്‍ അഹമ്മദ് ജാവേദ് മെമന്റോ നല്‍കി ആദരിച്ചു. ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ശാഹിദ് ആലം, എംബസിയിലെ ഇന്ത്യന്‍ സ്‌കൂള്‍ നിരീക്ഷകന്‍ ഡോ.ഹിഫ്‌സുല്‍ റഹ്മാന്‍, ഹയര്‍ ബോര്‍ഡ് പ്രസിഡന്റ് മിലിന്‍ പന്ദേക്കര്‍, വിവിധ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, ചെയര്‍മാന്മാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഹയര്‍ ബോര്‍ഡില്‍ ഭരണകാര്യ ചുമതലയുണ്ടായിരുന്ന ജോണ്‍ തോമസ് ഏഴു വര്‍ഷം ദമാം ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതി അംഗമായും രണ്ടര വര്‍ഷം സ്‌കൂള്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അല്‍ ഹുറൈഫ് നിര്‍മ്മാണ കമ്പനിയിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ്് എഞ്ചിനീയര്‍ ആയ ജോണ്‍ തോമസ്് ദമാമിലെ വിവിധ സാമൂഹിക സംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ്. ഭാര്യ ഡോ.ഷീബ അല്‍ മന ആശുപത്രിയിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്നു.

 

 

 

Latest News