തലശ്ശേരി- പാര്‍ട്ടി പ്രവര്‍ത്തകരോട് തിരിച്ചടിക്കാന്‍ താന്‍ ആഹ്വാനം ചെയ്തുവെന്ന വാര്‍ത്ത തെറ്റാണെന്നും താന്‍ പറഞ്ഞതിലെ ഒരു ഭാഗം മാത്രമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സി.പി.എം ഒരു പുതിയ പ്രവര്‍ത്തന രീതി അവലംബിച്ചതായും എതിരാളികളുടെ വീടോ പാര്‍ട്ടി ആപ്പീസോ അക്രമിക്കുന്ന ശൈലി നടപ്പിലാക്കില്ലെന്നും പ്രവര്‍ത്തകരെ ഇക്കാര്യം അറിയിക്കാന്‍ നടത്തിയ പ്രസംഗമാണ് വിവാദമാക്കിയതെന്നും കോടിയേരി പറഞ്ഞു. സമാധനവും വികസനവുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അത് നേടിയെടുക്കാന്‍ അക്രമത്തിന്റെ പാത വെടിയണം. എന്നാല്‍ നിരായുധനാവണമെന്നല്ല അതിനര്‍ത്ഥം. ഇങ്ങോട്ട് വരുമ്പോള്‍ പ്രതിരോധിക്കേണ്ടി വരും. ഇതാണ് താന്‍ കഴിഞ്ഞ ദിവസം പ്രസംഗിച്ചതെന്നും കോടിയേരി പറഞ്ഞു.
നരേന്ദ്ര മോഡി കൊല്ലത്ത് നടത്തിയ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനവും പ്രധാനമന്ത്രിക്ക് യോജിക്കാത്തതുമാണ്. ആര്‍.എസ്.എസ് പ്രചാരകനെന്ന രീതിയിലാണ് മോഡി അവിടെ പ്രസംഗിച്ചത.് ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കിയ സംസ്ഥാന സര്‍ക്കാരറിനെ വിമര്‍ശിച്ച മോഡിയുടെ നിലപാട് നഗ്നമായ സത്യപ്രതിജ്ഞാ ലംഘനമാണെന്ന് സി.പി.എം തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.
ശബരിമല വിഷയത്തില്‍ ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പിലാക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത.് 12 വര്‍ഷമായി സുപ്രീം കോടതിയില്‍ കേസ് നടന്നിട്ടും ഒരു പരാതി പോലും നല്‍കാത്ത ബി.ജെ.പിയാണ് ശബരിമല വിഷയത്തില്‍ യഥാര്‍ത്ഥ നിലപാട് സ്വീകരിച്ചതെന്നാണ് മോഡി പറയുന്നത.് സെപ്റ്റംബര്‍ 28 ലെ വിധിയെ സ്വാഗതം ചെയ്തത് കേരളത്തിലെ ആര്‍.എസ്.എസ് നേതാവ് ഗോപാലന്‍ കുട്ടി മാസ്റ്ററാണ്. ആര്‍.എസ്.എസ് ദേശീയ നേതാവും സ്ത്രീ പ്രവേശന വിധിയെ സ്വാഗതം ചെയ്തു. ഇതിനെതിരായ പ്രസംഗമാണ് പ്രധാനമന്ത്രി കൊല്ലത്ത് നടത്തിയെതന്നും കോടിയേരി പറഞ്ഞു