കൊണ്ടോട്ടി - രൂപയുടെ വിനിമയ നിരക്കിലെ ചാഞ്ചാട്ടം മൂലം ഈ വര്‍ഷം മുതല്‍ ഹജിന് പണം അടയ്ക്കല്‍ മൂന്ന് ഗഡുക്കളാക്കി കേന്ദ്രം മാറ്റി. കഴിഞ്ഞ വര്‍ഷം ഹജ് കഴിഞ്ഞെത്തിയിട്ടും ഹാജിമാരില്‍ നിന്ന് തുക ഈടാക്കേണ്ടി വന്ന ഗതികേട് വരും വര്‍ഷങ്ങളില്‍ ഒഴിവാക്കാനാണ് ഈ വര്‍ഷം മുതല്‍ മൂന്ന് ഗഡുക്കളായി പണം അടയ്ക്കാന്‍ കേന്ദ്ര ഹജ് കമ്മിറ്റി നിര്‍ദേശിച്ചത്. ഈ വര്‍ഷത്തെ ആദ്യ ഗഡു 81,000 രൂപ 18 മുതല്‍ ഫെബ്രുവരി 5 വരെയുളള തീയതിക്കുളളിലാണ് അടയ്‌ക്കേണ്ടത്. രണ്ടാം ഗഡു 1,20,000 രൂപ മാര്‍ച്ച് 20 ന് ശേഷം അടച്ചാല്‍ മതി. രണ്ടു ഗഡുവും ഒന്നിച്ചു അടയ്ക്കാനും സൗകര്യമുണ്ട്. മൂന്നാം ഗഡു വിമാന ടിക്കറ്റ് നിരക്കും സൗദിയിലെ ചെലവുകളും ക്ലിപ്തപ്പെടുത്തി നിശ്ചയിച്ചതിന് ശേഷമാണ് നല്‍കേണ്ടത്.
ഹജ് തീര്‍ത്ഥാടനത്തിന് പോകുന്നവര്‍ കഴിഞ്ഞ വര്‍ഷം വരെ രണ്ടു ഗഡുക്കളായാണ് പണം അടച്ചിരുന്നത്. ആദ്യ ഗഡു 81,000 രൂപയും പിന്നീട് രണ്ടാം ഗഡു വിമാന ടിക്കറ്റ് നിരക്ക് അടക്കം ഉള്‍പ്പെടുത്തിയുളള തുകയുമാണ് നല്‍കിയിരുന്നത്. ഹജ് വിമാന ടിക്കറ്റ് നിരക്ക് ഡോളര്‍ അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നത്. തീര്‍ത്ഥാടനത്തിന് മുമ്പ് തന്നെ തുക നിശ്ചയിച്ചാലും പിന്നീടുണ്ടാവുന്ന രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ നിരക്കില്‍ മാറ്റങ്ങളുണ്ടാവുകയാണ്. ഈ മാറ്റങ്ങളെല്ലാം നേരത്തെ ഹജ് സബ്‌സിഡിയില്‍ കേന്ദ്രം നല്‍കിയിരുന്നതിനാല്‍ തീര്‍ത്ഥാടകര്‍ ഇതറിഞ്ഞിരുന്നില്ല. എന്നാല്‍ ഹജ് സബ്‌സിഡി പൂര്‍ണമായി കഴിഞ്ഞ വര്‍ഷം പിന്‍വലിച്ചതോടെ വിമാന ടിക്കറ്റിന്മേലുളള ഡോളര്‍ നിരക്കിലെ വ്യത്യാസം കഴിഞ്ഞ വര്‍ഷം ഹജ് വിമാനങ്ങള്‍ പുറപ്പെട്ടു തുടങ്ങിയതോടെയാണ് അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്ന് ഹജ് കഴിഞ്ഞ് മടങ്ങിയെത്തിയ തീര്‍ത്ഥാടകരോട് വീണ്ടും ഈ അധിക പണം അടയ്ക്കാന്‍ കേന്ദ്രം നിര്‍ദേശിക്കുകയായിരുന്നു.
ഈ വര്‍ഷവും സമാന പ്രശ്‌നങ്ങളൊഴിവാക്കാനാണ് കേന്ദ്ര ഹജ് കമ്മിറ്റി പണം അടയ്ക്കല്‍ മൂന്ന് ഘട്ടങ്ങളിലേക്ക് മാറ്റിയത്. ഇതോടെ മൂന്നാം ഗഡുവില്‍ ഡോളര്‍ നിരക്കിലെ വ്യത്യാസമുളള നിരക്കും ഉള്‍പ്പെടുത്തി മുഴുവന്‍ പണവും തീര്‍ത്ഥാടകരില്‍ നിന്ന് ഈടാക്കാനാകും. മെയ,് ജൂണ്‍ മാസത്തോടെയാണ് മൂന്നാം ഗഡു തുക തീര്‍ത്ഥാടകര്‍ അടയ്‌ക്കേണ്ടത്. ഹജ് തീര്‍ത്ഥാടകര്‍ക്കും മൂന്ന് ഘട്ടമാക്കിയത് ഏറെ ഗുണം ചെയ്യും. അതിനിടെ കേന്ദ്ര ഹജ് കമ്മിറ്റിക്ക് മുന്‍കൂട്ടി തുക നേരത്തെ ലഭിക്കുന്നതും വരുമാന നേട്ടമുണ്ടാക്കും. ഹജ് വിമാനക്കൂലിയടക്കം മുഴുവന്‍ തുകയും ഹാജിമാര്‍ മടങ്ങിയെത്തിയതിന് ശേഷമാണ് വിമാന കമ്പനികള്‍ക്ക് നല്‍കുന്നത്.