കോഴിക്കോട് -പ്രധാനമന്ത്രി മോഡിയുടെ പ്രസംഗത്തില്‍ രണ്ട് തവണ മുസ്‌ലിം ലീഗിന്റെ പേര് പരാമര്‍ശിച്ചു എന്നത് ലീഗിന്റെ ഫാസിസ്റ്റ് വിരുദ്ധ നിലപാടിന്റെ സമാനതകളില്ലാത്ത പ്രസക്തിയെയാണ് കാണിക്കുന്നതെന്ന് കെ.എം. ഷാജി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
സാമ്പത്തിക സംവരണം എല്ലാ അര്‍ത്ഥത്തിലും ഭരണഘടനാ വിരുദ്ധമായ ആശയമാണ്. ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ പിന്നോക്കമായ അധഃസ്ഥിത, പിന്നോക്ക, ന്യൂനപക്ഷ സമൂഹങ്ങളുടെ വളര്‍ച്ചയ്ക്കു വേണ്ടിയാണ് സാമുദായിക സംവരണം ഇന്ത്യയില്‍ ഡോ. അംബേദ്കര്‍ വിഭാവനം ചെയ്തത്. ഇതിന് കടക വിരുദ്ധമായ സാമ്പത്തിക സംവരണമെന്ന ആശയം ഫലത്തില്‍ സംവരണത്തെയും അതിന്റെ താല്‍പര്യത്തെയും അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. അതിനെതിരായ ചരിത്ര ദൗത്യമാണ് കഴിഞ്ഞ പാര്‍ലമെന്റ് സെഷനുകളില്‍, ലോക്‌സഭയിലും രാജ്യസഭയിലും പുറത്തും മുസ്‌ലിം ലീഗെടുത്തത്.
എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡോക്ടര്‍ ബി ആര്‍ അംബേദ്കറെ ഇന്ത്യയുടെ ഭരണഘടനാ നിര്‍മാണ സമിതിയിലേക്ക് കൊണ്ടുവരാന്‍ മുസ്‌ലിം ലീഗെടുത്ത ചരിത്രപരമായ തീരുമാനം തുല്യതയില്ലാത്തതായിരുന്നു. ആ തീരുമാനത്തിന്റെ ശേഷിപ്പാണ് മോഡി ഇന്ത്യയില്‍ പോലും നാം ഇന്നുമനുഭവിക്കുന്ന മതേതരത്വവും മതസ്വാതന്ത്ര്യവും ജനാധിപത്യവും ഉള്‍ക്കൊള്ളുന്ന പ്രൗഢമായ ഭരണഘടന -ഷാജി പറഞ്ഞു.