മുംബൈ-മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ 22 ദിവസത്തേക്ക് റണ്‍വേ അടച്ചിടും. അറ്റകുറ്റപ്പണികള്‍ക്കായി ഫെബ്രുവരി ഏഴു മുതലാവും രണ്ട് റണ്‍വേകള്‍ ഭാഗികമായി അടച്ചിടുക. ഫെബ്രുവരി 7 മുതല്‍ മാര്‍ച്ച് 30 വരെയുള്ള ചൊവ്വ, വ്യാഴം ശനി ദിവസങ്ങളില്‍ റണ്‍വേകള്‍ ആറു മണിക്കൂറത്തേക്കും പ്രവര്‍ത്തിക്കില്ല.
ഇത്രയും നീണ്ട ദിവസങ്ങള്‍ റണ്‍വേ പ്രവര്‍ത്തന രഹിതമാവുമ്പോള്‍ പ്രതിദിനം 240 വിമാന സര്‍വീസുകള്‍ വരെ മുടങ്ങുമെന്നാണ് കണക്ക്. അതിനാല്‍ തന്നെ പല വിമാന കമ്പനികളും സമീപ റൂട്ടുകളിലേക്ക് സര്‍വീസ് മാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകളെ ബാധിക്കുന്ന ഈ ക്രമീകരണത്തില്‍ മുന്‍കൂട്ടി സീറ്റ് റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് റീഫണ്ട് ഉറപ്പാക്കുമെന്നും സാധ്യമായ സാഹചര്യത്തില്‍ മറ്റു വിമാനങ്ങളിലേക്ക് ടിക്കറ്റ് മാറ്റി നല്‍കുമെന്നും എയര്‍പോട്ട് വക്താവ് വ്യക്തമാക്കി.
രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നായ ഇതുവഴി പ്രതിദിനം ശരാശരി 950 സര്‍വീസുകളാണ് കൈകാര്യം ചെയ്യുന്നത്. രണ്ടു റണ്‍വേകള്‍ ഉണ്ടെങ്കിലും അവ തമ്മില്‍ കുറുകെ കിടക്കുന്നതിനാല്‍ ഒരേ സമയം ഒരു റണ്‍വേ മാത്രമാണ് ഉപയോഗിക്കുന്നത്.