തിരുവനന്തപുരം- ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ തുടരുന്ന ജനകീയസമരത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. സമരസമിതിയുമായി വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ നാളെ ചര്‍ച്ച നടത്തും. സര്‍ക്കാര്‍ ക്ഷണിച്ചാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് സമരസമിതി അറിയിച്ചു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഉദ്യോഗസ്ഥരുമായും ജനപ്രതിനിധികളുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ആലപ്പാട് ഖനന ആഘാതം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും.
സമിതിയുടെ ഇടക്കാല റിപോര്‍ട്ട് വരുംവരെ സീവാഷിങ് നിര്‍ത്തിവെക്കും. തീരം ഇടിയാനുള്ള പ്രധാന കാരണം സീവാഷിങ് ആണെന്ന യോഗത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഈ ധാരണ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ കലക്ടറും ജനപ്രതിനിധികളും ചേര്‍ന്ന മോണിറ്ററിങ് കമ്മിറ്റിയെ നിയോഗിക്കും. നിയമസഭാ പരിസ്ഥിതി സമിതിയുടെ പ്രധാന നിര്‍ദേശവും ഇതായിരുന്നു.
അതേസമയം, ഖനനം നിര്‍ത്തിവെച്ച് ചര്‍ച്ച എന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് യോഗത്തിന്റെ തീരുമാനം. തീരം ഇടിയാനുള്ള പ്രധാനകാരണം സീവാഷിങ് ആണ്. അതു നിര്‍ത്തിവെക്കും. ശാസ്ത്രീയ ഖനനം തുടരണമെന്ന നിലപാടാണ് യോഗത്തില്‍ പങ്കെടുത്ത കരുനാഗപ്പള്ളി എം.എല്‍.എ വ്യക്തമാക്കിയത്.
ഐ.ആര്‍.ഇ നടത്തുന്ന കരിമണല്‍ ഖനനത്തിനേതിരായ ജനകീയ സമരത്തെ അവഗണിക്കുന്നതില്‍ ഇടതുമുന്നണിയില്‍ അതൃപ്തി ഉയര്‍ന്നിരുന്നു.