'എനിക്ക് കുട്ടിക്കാലത്ത് ഒരു മഹാരോഗം പിടിപെട്ടു. പല ചികിത്സകളും ചെയ്തു. എല്ലാ വൈദ്യന്മാരും കൈയൊഴിഞ്ഞു.
ഒടുവിൽ ഒരു വൈദ്യൻ ഒരു മരുന്നുകുറിച്ചു. മരുന്നുണ്ടാക്കാൻ ധാരാളം മുലപ്പാല് വേണമായിരുന്നു. ഒടുവിൽ ജാതിയും മതവും നോക്കാതെ അമ്മമാർ നൽകിയ മുലപ്പാല് കൊണ്ടാണ് ഞാൻ രക്ഷപ്പെട്ടത്. എന്റെ ജീവൻ രക്ഷിച്ചത് എല്ലാ മതങ്ങളിലും പെട്ട അമ്മമാരാണ്.
പകരം വെക്കാൻ മറ്റൊന്നില്ല. മലയാളത്തിന്റെ മഹാനടൻ മൺമറഞ്ഞിട്ട് മൂന്നു പതിറ്റാണ്ട്. 1952 ൽ മരുമകൾ എന്ന സിനിമയിൽ ആദ്യ വേഷമിട്ട പ്രേംനസീർ എന്ന ചിറയിൻകീഴുകാരൻ അബ്ദുൽഖാദർ തൊള്ളായിരത്തിലധികം സിനിമയിൽ ചെറുതും വലുതുമായ റോളുകളിൽ അഭിനയിച്ചു.
ധ്വനി ആയിരുന്നു അവസാന സിനിമ. പട്ടിണിയുടെയും പ്രാരബ്ധത്തിന്റെയും നിഴലിൽ ചലിക്കുന്ന ഒരു കാലഘട്ടത്തിൽ അഭിനയം തൊഴിലാക്കി മാറ്റേണ്ടി വന്നവർ ഒട്ടേറെയുണ്ട്. അവരിൽ ചിലരൊക്കെ കോടിപതികളായി സിനിമാ ലോകത്ത് തന്നെ അവശേഷിക്കുന്നുണ്ടെങ്കിലും അക്കാലത്ത് അഭിനയകലയ്ക്ക് നിറപ്പകിട്ടാർന്ന കിരീടം വെച്ച രാജാവായിരുന്നു പ്രേംനസീർ. ചിറയിൻകീഴിൽ ആക്കോട്ട് ശാഹുൽ ഹമീദ് ചലച്ചിത്ര വിതരണ ശാഖ യുമായി ബന്ധമുള്ള ആളായിരുന്നെങ്കിലും അദ്ദേഹത്തിന്റെ നാലുമക്കളിൽ ആരെങ്കിലും ഒരാൾ സിനിമാതാരമാവുമെന്ന് കരുതിക്കാണില്ല. പ്രേംനസീറും മകൻ ഷാനവാസും സഹോദരൻ പ്രേംനവാസും സിനിമാ താരങ്ങളായി മാറി.
ഗാനഗന്ധർവൻ യേശുദാസുമായി സ്വരസാമ്യമുള്ള പ്രേംനസീറിന്റെ ലിപ്മൂവ്‌മെന്റ് ചലച്ചത്ര ഗാനശാഖയ്ക്കും മികച്ച സംഭാവന നൽകി. ആയിരം പാദസരങ്ങൾ കിലുക്കിയാണ് മനുഷ്യസ്‌നേഹിയായ ഈ മഹാനടൻ 1989 ജനുവരി 16 ന് മൺമറഞ്ഞത്. ഒട്ടേറെ മലയാള ചലച്ചിത്ര ഗാനങ്ങൾ ഇന്നും ശോഭ നഷ്ടപ്പെടാതെ മലയാളി മൂളി നടക്കുമ്പോൾ നസീറിന്റെ റൊമാന്റിക് ദൃശ്യങ്ങൾ അനുഭവവേദ്യമാകുന്നു. ഒരേ നായികക്കൊപ്പം നൂറ്റിഅമ്പതോളം ചിത്രത്തിൽ നായകനായി അഭിനയിക്കുക, പുറത്തിറങ്ങുന്ന സിനിമകളൊക്കെ ഹിറ്റാവുക ഇതൊക്കെ പകരം വെക്കാനില്ലാത്ത ഒന്നാണ്. ഇതര ഭാഷ സിനിമകളിൽനിന്ന് മലയാളത്തിലെത്തി നസീറിനൊപ്പം 65 സിനിമകളിൽ വേഷമിട്ട നടി ശാരദ പറയുന്നു: ഒരു നല്ല മനുഷ്യൻ. അദ്ദേഹത്തിന് പകരമായി മറ്റൊരാളില്ല.
പ്രേംനസീറിനൊപ്പം കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച മറ്റൊരു നടി ജയഭാരതിയാണ്. 100 ഓളം സിനിമകൾ. ധ്വനി എന്ന അവസാന സിനിമ അഭിനയിച്ചു തീർക്കുമ്പോഴും ഇന്ന് എത്തിനിൽക്കുന്ന സാങ്കേതിക തികവിൽ ആയിരുന്നില്ല.
വർഷങ്ങൾക്ക് മുമ്പ് ചിറയിൻകീഴിലെ ശാർക്കര ക്ഷേത്രത്തിൽ പലവിധ എതിർപ്പുകളെയും അവഗണിച്ചാണ് പ്രേംനസീർ ആനയെ നടയിരുത്തിയത്. പ്രേംനസീർ പറഞ്ഞു:
'എനിക്ക് കുട്ടിക്കാലത്ത് ഒരു മഹാരോഗം പിടിപെട്ടു. പല ചികിത്സകളും ചെയ്തു. എല്ലാ വൈദ്യന്മാരും കൈയൊഴിഞ്ഞു. ഒടുവിൽ ഒരു വൈദ്യൻ ഒരു മരുന്നുകുറിച്ചു. മരുന്നുണ്ടാക്കാൻ ധാരാളം മുലപ്പാല് വേണമായിരുന്നു.
ഒടുവിൽ ജാതിയും മതവും നോക്കാതെ അമ്മമാർ നൽകിയ മുലപ്പാല് കൊണ്ടാണ് ഞാൻ രക്ഷപ്പെട്ടത്. എന്റെ ജീവൻ രക്ഷിച്ചത് എല്ലാ മതങ്ങളിലും പെട്ട അമ്മമാരാണ്.