ലോക്‌സഭാ തെരഞ്ഞെടുപ്പ് എല്ലാറ്റിനേക്കാളും രാഷ്ട്രീയ പ്രാധാന്യവും ഭാവി നിർണായകവുമായതാണ് എന്നതിനാൽ വിട്ടുവീഴ്ചകൾക്ക് സന്നദ്ധമാകാൻ രാജ്യസ്‌നേഹം പുലർത്തുന്ന എല്ലാ പാർട്ടികൾക്കും ബാധ്യതയുണ്ട്. എസ്.പി, ബി.എസ്.പി സഖ്യം കൂടുതൽ വിശാലമാകണമായിരുന്നുവെന്നാണ് എല്ലാവരുടെയും ആഗ്രഹം. അതുണ്ടായില്ലെന്നതുകൊണ്ട് ബി.ജെ.പിക്ക് അനുഗുണമാകുന്ന തീരുമാനം ആരുടെ ഭാഗത്തുനിന്നുമുണ്ടായിക്കൂടാ.
സംഘ് പരിവാറിന്റെ ഫാസിസ്റ്റ് ഭരണത്തെ തൂത്തെറിയുക എന്ന ആത്യന്തിക ലക്ഷ്യം മുൻനിർത്തി മറ്റു ജനാധിപത്യ കക്ഷികളുടെ വിശാല മുന്നണിയാണ് സമകാലിക ഇന്ത്യ ആവശ്യപ്പടുന്നത്. ബി.ജെ.പിക്കെതിരെ മതേതര ജനാധിപത്യ ശക്തികളുടെ വിശാല വേദിക്കായുള്ള ശ്രമങ്ങൾ പല കോണുകളിൽ ആത്മാർഥമായി നടക്കുകയാണ്. വിവിധ തലങ്ങളിലുള്ള ചർച്ചകളും പ്രഖ്യാപനങ്ങളും ഓരോ സംസ്ഥാനങ്ങളിലും നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി (എസ്.പി) യും ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) യും മഹാസഖ്യം പ്രഖ്യാപിച്ചിരിക്കുന്നത്.
ഉത്തർപ്രദേശ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമാണ്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൺപതിൽ 73 സീറ്റുകളിലും ജയിച്ചത് അവരായിരുന്നു. എസ്.പിക്ക് അഞ്ച് സീറ്റുകൾ ലഭിച്ചപ്പോൾ കോൺഗ്രസ് പരമ്പരാഗതമായി ജയിച്ചുപോരാറുള്ള അമേഠി, റായ്ബറേലി എന്നിവയാണ് കരസ്ഥമാക്കിയത്.
എന്നാൽ ഉത്തർപ്രദേശിലെ രാഷ്ട്രീയ കാലാവസ്ഥയിൽ 2014 ലേതിൽ നിന്ന് വളരെയധികം വ്യത്യാസമുണ്ടായിട്ടുണ്ട്. 2017 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അധികാരത്തിലെത്താനായെങ്കിലും മുഖ്യമന്ത്രി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യയും രാജിവെച്ചതിനെ തുടർന്ന് നടന്ന രണ്ട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളിലും അവർക്ക് പരാജയമാണുണ്ടായത്.
ഗോരഖ്പൂരിലും ഫൂൽപൂരിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ കക്ഷികൾക്കിടയിലുണ്ടായ ഐക്യമാണ് ബി.ജെ.പിയുടെ തോൽവിക്കു കാരണമായത്. പ്രസ്തുത വിജയത്തിന്റെ ചുവടുപിടിച്ചാണ് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എസ്.പിയും ബി.എസ്.പിയും സഖ്യം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ താൽപര്യങ്ങൾക്കും പുരോഗതിക്കും വേണ്ടി വീണ്ടും ഞങ്ങൾ ഒരുമിക്കുകയാണെന്നാണ് ദീർഘകാലമായി ഭിന്നിച്ചുനിൽക്കുകയായിരുന്ന എസ്.പിയും ബി.എസ്.പിയും സഖ്യതീരുമാനം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞിരിക്കുന്നത്. തീർച്ചയായും ബ.ിജെ.പിക്കെതിരായ യോജിച്ച സഖ്യമെന്ന നിലയിൽ ശുഭസൂചകമായ രാഷ്ട്രീയ നിലപാട് തന്നെയാണിത്.
ഉത്തർപ്രദേശിൽ ആകെ 80 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. യു.പി പിടിക്കുന്നവർ ഇന്ത്യ ഭരിക്കുമെന്ന ചൊല്ല് തന്നെ നിലവിലുണ്ട്. ആകെയുള്ളതിൽ 38 സീറ്റുകളിൽ വീതം മത്സരിക്കുമെന്നാണ് ഇരുകക്ഷികളും അറിയിച്ചിട്ടുള്ളത്. കോൺഗ്രസിന്റെ പരമ്പരാഗത സീറ്റുകളായ അമേഠിയിലും റായ്ബറേലിയിലും അവർക്കെതിരെ മത്സരിക്കില്ലെന്ന് ഇരുകക്ഷികളും വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു സീറ്റുകൾ മറ്റു സഖ്യകക്ഷികൾക്ക് നൽകുമെന്നും പറഞ്ഞിട്ടുണ്ട്. ഈ രണ്ടു കക്ഷികളെയും ആസ്പദമാക്കി പരിശോധിച്ചാൽ യു.പി പിടിക്കുന്നവർ ഇന്ത്യ പിടിക്കുമെന്ന ചൊല്ല് എത്രത്തോളം വസ്തുതാപരമായിരിക്കുമെന്നത് തെരഞ്ഞെടുപ്പ് ചിത്രം പൂർണമായും പുറത്തു വരുമ്പോൾ മാത്രമേ പറയാനാകൂ. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വേരോട്ടമുള്ള പാർട്ടികളല്ല ഇവ രണ്ടുമെന്നതു തന്നെ കാരണം.
എന്നാൽ ബി.ജെ.പി യു.പി പിടിക്കുന്നതിന് ഇരുകക്ഷികളുടെയും സഖ്യം തടയാകുമെന്നതിൽ സംശയമില്ല. കോൺഗ്രസിനെ ഒഴിവാക്കിയുള്ള സഖ്യമാണ് അവർ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഈ സംസ്ഥാനത്ത് ബി.ജെ.പിക്ക് 42.3 ശതമാനം വോട്ടുകളാണ് ലഭിച്ചത്. എസ്.പിക്ക് 22.2 ശതമാനവും സീറ്റുകളൊന്നും ലഭിച്ചില്ലെങ്കിലും ബി.എസ്.പിക്ക് 19.6 ശതമാനവും വോട്ടുകളും ലഭിച്ചു. ഇരുകക്ഷികൾക്കും കൂടി 41.8 ശതമാനം. അതുകൊണ്ടു തന്നെ കോൺഗ്രസ് ഇല്ലാതായാണെങ്കിലും എസ്.പി - ബി.എസ്.പി സഖ്യം ബി.ജെ.പിയെ അലോസരപ്പെടുത്തുമെന്നത് ആദ്യ പ്രതികരണങ്ങളിൽ നിന്നു തന്നെ വ്യക്തമാണ്. കോൺഗ്രസാകട്ടെ, 80 മണ്ഡലങ്ങളിലും മത്സരിക്കുമെന്ന സൂചനയാണ് നൽകിയിട്ടുള്ളത്.
അഞ്ചു വർഷത്തോളമായി രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെ ഫാസിസ്റ്റ് ഭരണത്തെ പരാജയപ്പെടുത്തുന്നതിന് വിശാല സഖ്യമെന്ന രാഷ്ട്രീയ ലക്ഷ്യം ആദ്യം മുന്നോട്ടു വെച്ചത് ഇടത് പാർട്ടികളാണ്. അതിനനുസൃതമായ നീക്കങ്ങൾ പല സംസ്ഥാനങ്ങളിലുമുണ്ടാകുന്നുണ്ട്. കഴിഞ്ഞ മാസം തെരഞ്ഞെടുപ്പ് നടന്ന നിയമസഭകളിൽ ചിലതിൽ അതിന്റെ സൂചനകളുണ്ടായെങ്കിലും ചിലതിൽ അതിന് വിഭിന്നമായ നിലപാടുകളും വലിയ കക്ഷികളിൽ നിന്നുണ്ടായി.
ലോക്‌സഭാ തെരഞ്ഞെടുപ്പ് എല്ലാറ്റിനേക്കാളും രാഷ്ട്രീയ പ്രാധാന്യവും ഭാവി നിർണായകവുമായതാണ് എന്നതിനാൽ വിട്ടുവീഴ്ചകൾക്ക് സന്നദ്ധമാകാൻ രാജ്യസ്‌നേഹം പുലർത്തുന്ന എല്ലാ പാർട്ടികൾക്കും ബാധ്യതയുണ്ട്. എസ്.പി, ബി.എസ്.പി സഖ്യം കൂടുതൽ വിശാലമാകണമായിരുന്നുവെന്നാണ് എല്ലാവരുടെയും ആഗ്രഹം. അതുണ്ടായില്ലെന്നതുകൊണ്ട് ബി.ജെ.പിക്ക് അനുഗുണമാകുന്ന തീരുമാനം ആരുടെ ഭാഗത്തുനിന്നുമുണ്ടായിക്കൂടാ.
വിശാലമായ ജനാധിപത്യ - ഇടത് - മതേതര ജനാധിപത്യ ശക്തികളുടെ കൂട്ടായ്മ എന്ന രാഷ്ട്രീയ ലക്ഷ്യം നേടുന്നതിനുള്ള ശ്രമങ്ങളും വിട്ടുവീഴ്ചകളും ഈ വിഭാഗത്തിൽ വരുന്ന എല്ലാ കക്ഷികളുടെയും ഭാഗത്തുനിന്നുണ്ടാകണം.