തിരുവനന്തപുരം- ശബരിമലയിലെത്തുന്ന യുവതികളെ തടയുന്നത് ഗുണ്ടായിസമാണെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മല കയറാനെത്തിയ രണ്ട് യുവതികളെ പ്രതിഷേധത്തെ തുടര്‍ന്നാണ് പോലീസ് മടക്കി അയച്ചത്. പോലീസ് സംയമനം പാലിച്ചു. വ്രതം അനുഷ്ഠിച്ചെത്തിയവരെയാണ് തടഞ്ഞത്. നൂറോളം യുവതികള്‍ ദര്‍ശനം നടത്തിയിരിക്കാമെന്ന് കടകംപള്ളി പറഞ്ഞു.
പുലര്‍ച്ചെ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ പോലീസ് തിരിച്ചിറക്കിയിരുന്നു. കണ്ണൂര്‍ സ്വദേശിനികളായ രേഷ്മ നിഷാന്തിനെയും ഷാനില സജേഷിനെയുമാണ് നീലിമലയില്‍ മൂന്നു മണിക്കൂറിലേറെ സമയം പ്രതിഷേധക്കാര്‍ തടഞ്ഞുവച്ചത്. മടങ്ങിപ്പോകില്ലെന്നും വ്രതം നോറ്റാണ് എത്തിയതെന്നും യുവതികള്‍ അറിയിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് യുവതികളെ പോലീസ് പിന്തിരിപ്പിക്കുകയായിരുന്നു. പ്രതിഷേധക്കാരില്‍ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രേഷ്മ മുമ്പും ദര്‍ശനം നടത്താന്‍ കഴിയാതെ മടങ്ങിയിരുന്നു.