കൊച്ചി- മുത്തലാഖ് നിയമവിരുദ്ധമാണെന്ന സുപ്രിം കോടതി ഉത്തരവ് നിലനില്‍ക്കെ കേന്ദ്രസര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് ബില്‍ കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും മുത്തലാഖ് ബില്‍ ജനാധിപത്യവിരുദ്ധമാണെന്നും ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് വനിതാ വിഭാഗം ചീഫ് ഓര്‍ഗനൈസര്‍ ഡോ.അസ്മാ സഹ്റ. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
മുത്തലാഖുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതുകൊണ്ട് മുസ്ലിം സ്ത്രീകള്‍ക്ക് ഗുണത്തേക്കാള്‍ കൂടുതല്‍ ദുരിതമാകുകയേയുള്ളു. മുത്തലാഖ് ചൊല്ലിയ പുരുഷനെ ജയിലിലടച്ചതുകൊണ്ട് എന്താണ് ഗുണം. ഈ ബില്ലുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും മുസ്ലിം സ്ത്രീകള്‍ക്ക് ലഭിക്കില്ല. പുരുഷനെ ജയിലിലാക്കുമ്പോഴും സ്ത്രീക്കു ലഭിക്കേണ്ട സംരക്ഷണം ലഭിക്കുന്നില്ല. എന്നു മാത്രമല്ല കുട്ടികളുണ്ടെങ്കില്‍ ആ കുട്ടികളുടെ സംരക്ഷണ ചുമതലയും സ്ത്രീയുടെ ചുമലിലാകും. അവരെ സ്ത്രീ തന്നെ സംരക്ഷിക്കേണ്ടിവരും. വിവാഹം നിലനില്‍ക്കുകയും ചെയ്യും. ജയിലിലാകുന്നതോടെ സത്രീയെ നോക്കേണ്ട ചുമതലയില്‍നിന്നും പുരുഷന്‍ ഒഴിവാകുകയും ചെയ്യും. ഇതോടെ സ്ത്രീയുടെ അവസ്ഥ കൂടുതല്‍ ദുരിത പൂര്‍ണമാകുകയും ചെയ്യുമെന്നും ഡോ. അസ്മാ സഹ്റ പറഞ്ഞു.
മുസ്ലിം സമുദായം ഒന്നടങ്കം ഈ ബില്ലിനെതിരാണ്. മുസ്ലിം വിഭാഗങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. മുസ്ലിം വ്യക്തിനിയമത്തില്‍ മാറ്റം വരുത്തേണ്ട ആവശ്യം ഇപ്പോഴില്ലെന്നും ഡോ. അസ്മാ സഹ്റ പറഞ്ഞു. ഇസ്ലാമിക ശരീഅത്ത് നിയമങ്ങളെ കുറിച്ച് സ്ത്രീകളുടെ അവകാശത്തെ കുറിച്ച് ബോധവല്‍ക്കരിക്കാന്‍ മുസ്‌ലിം വുമന്‍സ് സെല്ലിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും സ്ത്രീകളെ ഉന്നതിയിലേക്കെത്തിക്കുക എന്നതാണ് ബോധവല്‍ക്കരണ പരിപാടികളിലൂടെ ലക്ഷ്യമിടുന്നത്. ബോധവല്‍ക്കരണ പരിപാടികള്‍ക്കൊപ്പം സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ടോള്‍ ഫ്രീ നമ്പറും ആരംഭിച്ചിട്ടുണ്ട്. മലയാളം, തമിഴ് , ഇംഗ്ലീഷ്, ഉറുദു, ബംഗാളി, ഹിന്ദി, കന്നട എന്നീ ഭാഷകളില്‍ ഇതിന്റെ സേവനം ലഭിക്കും, വിവാഹം, കുടുംബം അടക്കമുള്ള വിഷയങ്ങളില്‍ പരാതികള്‍ പറയാം. ആവശ്യമെങ്കില്‍ കൗണ്‍സലിങ്ങും നല്‍കുമെന്നും അസ്മ സഹറ പറഞ്ഞു.