Sorry, you need to enable JavaScript to visit this website.

റിസോര്‍ട്ടിലെ ഇരട്ടക്കൊല: മുഖ്യ പ്രതി വയനാട്ടിലെന്ന് സൂചന

പോലീസ് തിരയുന്ന ബോബന്‍.

ഇടുക്കി- ചിന്നക്കനാല്‍ റിസോര്‍ട്ടിലെ  ഇരട്ടക്കൊലയില്‍ പോലീസ് തേടിക്കൊണ്ടിരിക്കുന്ന  മുഖ്യ പ്രതി ബോബന്‍ വയനാട്ടിലേക്ക് മുങ്ങിയതായി മൊബൈല്‍ ടവര്‍ ലൊക്കേഷനുകളില്‍ നിന്നും സൂചന. നടുപ്പാറയിലെ റിസോര്‍ട്ടില്‍ പോലീസ് നടത്തിയ തെരച്ചിലില്‍ തോട്ടാക്കുഴല്‍ ഉള്‍പ്പെടെ രണ്ട് തോക്കുകള്‍ കണ്ടെത്തി. കൊല്ലപ്പെട്ട റിസോര്‍ട്ട് ഉടമ രാജേഷിന്റെ ശരീരത്തില്‍ തോക്കില്‍ നിന്നുള്ള രണ്ട് വെടികള്‍ ഏറ്റിരുന്നതായും ഇതിലൊരെണ്ണം ദേഹം തുളച്ച് മറുവശം
കടന്നുവെന്നും ശരീരത്തില്‍ കത്തികൊണ്ടുള്ള മുറിവു കാണപ്പെട്ടുവെന്നും പോലീസ് പറഞ്ഞു.
റിസോര്‍ട്ട് ജീവനക്കാരന്‍ മുത്തയ്യയുടെ തലക്ക് പിന്നിലും നെറ്റിയിലും കട്ടിയുള്ള ആയുധം കൊണ്ട് ഏല്‍പ്പിച്ച മുറിവുകളാണ് മരണകാരണമായത്. കൊലക്കിടെ പ്രതി ബോബന്റെ ഇടത് കൈയില്‍ ആഴത്തില്‍ മുറിവേറ്റതിനാല്‍ നെടുങ്കണ്ടത്തെ സ്വകാര്യആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. രാത്രിയില്‍ ഇയാള്‍ക്ക് താമസ സൗകര്യം നല്‍കിയതും ആശുപത്രിയില്‍ പോകുന്നതിനും മോഷ്ടിച്ച കാര്‍ മുരിക്കുംതൊട്ടിയിലെ ചര്‍ച്ചുവളപ്പില്‍ കൊണ്ടുപോയി ഇടുന്നതിലും സഹായിച്ചതും ഇപ്പോള്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ എടുത്തിട്ടുള്ള ചേരിയാര്‍കാരായ ദമ്പതികളിലെ ഭര്‍ത്താവാണെന്നും പോലീസ് അറിയിച്ചു.
എസ്റ്റേറ്റില്‍ നിന്നും മോഷ്ടിച്ച മൂന്ന് ചാക്ക് ഏലക്ക വിറ്റുകിട്ടിയ പണത്തില്‍ നിന്നും 25000 രൂപ പ്രതി ഈ കുടുംബത്തിന് നല്‍കിയതായും ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. ഞായറാഴ്ചയാണ് റിസോര്‍ട്ടില്‍ ജഡങ്ങള്‍ കണ്ടെത്തിയത്.
ശാന്തന്‍പാറ പോലീസും ഫോറന്‍സിക് വിദഗ്ധരും കൊലനടന്ന ഇടപ്പാറയിലെ എസ്റ്റേറ്റിലും പരിസരത്തും തെളിവുകള്‍ക്കായി വിശദമായ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് പ്രധാന കെട്ടിടത്തിലെ മുറിയിലെ അലമാരക്ക്
പിന്നില്‍ ചാരി വച്ചിരുന്ന രണ്ട് തോക്കുകള്‍ കണ്ടെത്തിയത്. ഇതില്‍ ഒരെണ്ണം ഒരു ഡബിള്‍ ബാരല്‍ ആണ്. എന്നാല്‍ ഈ തോക്കുകള്‍ സമീപ കാലത്ത് ഉപയോഗിച്ചതിന്റെ സൂചനകളില്ലെന്നും നീളം കുറഞ്ഞ  തോക്കായിരിക്കണം
കൊലക്ക് ഉപയോഗിച്ചതെന്നും കരുതുന്നു. കഴിഞ്ഞ ദിവസം ലഭിച്ച നീളം കുറഞ്ഞ ഉറ കൊലക്കുപയോഗിച്ച തോക്കിന്റേതാകാനാണ് സാധ്യതയെന്നുമാണ് നിഗമനം.

 

 

Latest News