Sorry, you need to enable JavaScript to visit this website.

കാറ്റില്‍നിന്ന് വൈദ്യുതി: കൂടൂതല്‍ പദ്ധതികളുമായി സൗദി മുന്നോട്ട്

റിയാദ് അൽയെമാമ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അധ്യക്ഷത വഹിക്കുന്നു. 
  • നിയമം ലംഘിക്കുന്ന സ്‌പോർട്‌സ് സ്ഥാപനങ്ങൾക്ക് അര ലക്ഷം പിഴ

റിയാദ് - പുനരുപയോഗ ഊർജ മേഖലയിൽ പത്തു വർഷത്തിനുള്ളിൽ ലോകത്ത് മുൻനിര സ്ഥാനം കൈവരിക്കാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നതെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ അൽയെമാമ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗം വ്യക്തമാക്കി. വിഷൻ 2030 പദ്ധതിയുടെയും ദേശീയ പരിവർത്തന പദ്ധതി 2020 ന്റെയും ഭാഗമായി സുസ്ഥിര പുനരുപയോഗ ഊർജ മേഖല വികസിപ്പിക്കുന്നതിനാണ് രാജ്യം പ്രവർത്തിക്കുന്നത്. 
പുനരുപയോഗ ഊർജ മേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ, സേവനങ്ങൾ, സാങ്കേതിക വിദ്യകളുടെ സ്വദേശിവൽക്കരണം, ഈ മേഖലയിലെ സാങ്കേതിക വിദ്യകളിൽ സൗദികളെ പ്രാപ്തരാക്കൽ എന്നിവയെല്ലാം ലക്ഷ്യമിടുന്നു. ഇതിലൂടെ വളർച്ചയും അഭിവൃദ്ധിയും ഊർജ സ്രോതസ്സുകളുടെ വൈവിധ്യവൽക്കരണവും സാക്ഷാൽക്കരിക്കുന്നതിനാണ് ശ്രമം. പ്രാദേശിക ശേഷികൾ അവലംബിച്ച് ഇരുനൂറു ഗിഗാവാട്ടിലേറെ വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് ആവശ്യമായ പുനരുപയോഗ പദ്ധതികൾ പത്തു വർഷത്തിനുള്ളിൽ വികസിപ്പിക്കും. കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള സൗദിയിലെ ആദ്യ പദ്ധതിയായ ദോമത്തുൽ  ജന്ദൽ പദ്ധതിയുടെ കരാർ അനുവദിച്ചതിനെ മന്ത്രിസഭാ യോഗം സ്വാഗതം ചെയ്തു. കിംഗ് സൽമാൻ പുനരുപയോഗ ഊർജ പദ്ധതിയുടെ ഭാഗമായാണ് കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള ദോമത്തുൽ ജന്ദൽ പദ്ധതി കരാർ അനുവദിച്ചത്. 
സ്‌പോർട്‌സ് സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട് ജനറൽ സ്‌പോർട്‌സ് അതോറിറ്റി രൂപം നൽകുന്ന വ്യവസ്ഥകളും മാനദണ്ഡങ്ങളും നിയമാവലിയും ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് അര ലക്ഷം റിയാലിൽ കൂടാത്ത പിഴ ചുമത്തുന്നതിനും മന്ത്രിസഭ തീരുമാനിച്ചു. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അധ്യക്ഷനായ സാമ്പത്തിക, വികസന സമിതി ശുപാർശ പരിശോധിച്ചാണ് നിയമ ലംഘനങ്ങൾ നടത്തുന്ന സ്‌പോർട്‌സ് സ്ഥാപനങ്ങൾക്കുള്ള ശിക്ഷകൾ അംഗീകരിച്ചത്. 
സൗദി അറേബ്യയിലെയും ദക്ഷിണ കൊറിയയിലെയും പൗരന്മാർക്ക് വിസിറ്റ് വിസ അനുവദിക്കുന്നതിനുള്ള നടപടികൾ ക്രമീകരിക്കുന്നതിന് കൊറിയയുമായി ഒപ്പുവെച്ച ധാരണാപത്രം മന്ത്രിസഭ അംഗീകരിച്ചു. വിദേശ മന്ത്രാലയ റിപ്പോർട്ടും ശൂറാ കൗൺസിൽ തീരുമാനവും പരിശോധിച്ചാണ് ധാരണാപത്രം മന്ത്രിസഭ അംഗീകരിച്ചത്. ഇന്തോനേഷ്യയും സൗദി അറേബ്യയും തമ്മിലുണ്ടാക്കിയ വ്യോമയാന കരാർ ഭേദഗതിയും നിത്യോപയോഗ വസ്തുക്കളുടെ വിതരണ സുരക്ഷാ മേഖലയിൽ സഹകരിക്കുന്നതിന് യു.എ.ഇയും സൗദി അറേബ്യയും ഒപ്പുവെച്ച ധാരണാപത്രവും മന്ത്രിസഭാ യോഗം അംഗീകരിച്ചതായി യോഗ തീരുമാനങ്ങൾ വിശദീകരിച്ച് മീഡിയ മന്ത്രി തുർക്കി അൽശബാന അറിയിച്ചു. 

 

Latest News