കൊണ്ടോട്ടി- സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴില്‍ ഹജിന് അവസരം ലഭിച്ചവരില്‍ 6959 പേരും സ്ത്രീകള്‍. ഹജ് നറുക്കെടുപ്പിലൂടെയും നേരിട്ടുമായി 11,472 പേര്‍ക്കാണ് ഈ വര്‍ഷം ഹജിന് അവസരം ലഭിച്ചത്. ഇവരില്‍ 4513 പുരുഷന്മാരും 6959 സ്്ത്രീകളും 12 കുട്ടികളുമാണ്.
അവസരം ലഭിച്ചവരില്‍ കൂടുതല്‍ പേരും മലപ്പുറം ജില്ലയില്‍ നിന്നുളളവരാണ്. 2009 സ്ത്രീകളും 1124 പുരുഷന്മാരും ഒരുകുട്ടിയും ഉള്‍പ്പടെ 3252 പേര്‍ക്കാണ് മലപ്പുറം ജില്ലയില്‍ നിന്ന് അവസരം ലഭിച്ചത്. ഹജ് അപേക്ഷകരായി മലപ്പുറത്ത് നിന്ന് 12,058 പേരുണ്ടായിരുന്നു. ഏറ്റവും കുറവ് പേര്‍ ഹജിന് പോകുന്നത് പത്തനംതിട്ട ജില്ലയില്‍ നിന്നാണ്. ഇവിടെ നിന്ന് 30 സ്ത്രീകളും 24 പുരുഷന്മാരുമായി 54 പേര്‍ക്കാണ് ഹജിന് പോകാന്‍ അവസരം ലഭിച്ചത്.
കോഴിക്കോട് ജില്ലയില്‍ 1793 സ്ത്രീകളും, 1124 പുരുഷന്മാരും ഉള്‍പ്പടെ 2917 പേര്‍ക്കാണ് ഹജിന് അവസരം കിട്ടിയത്. മറ്റു ജില്ലകളില്‍നിന്ന് അവസരം ലഭിച്ച പുരുഷന്‍, സ്ത്രീ, ആകെ എന്നീ ക്രമത്തില്‍ . ആലപ്പുഴ (71+98=169), എറണാകുളം (282+447=729), ഇടുക്കി (40+45=85), കണ്ണൂര്‍ (596+962=1558), കാസര്‍കോട് (378+533=911), കൊല്ലം(105+148=253), കോട്ടയം (60+73=133), പാലക്കാട് (234+308=542), തിരുവനന്തപുരം (124+147=271), തൃശൂര്‍ (123+178=301), വയനാട് (109+188=297).
സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴില്‍ ലഭിച്ച ഹജ് അപേക്ഷകരിലെ 39 കുട്ടികളില്‍ അവസരം ലഭിച്ചത് 12 പേര്‍ക്ക് മാത്രമാണ്. രണ്ടു വയസ്സിന് താഴെയുളള കുട്ടികളുടെ അപേക്ഷയാണ് രക്ഷിതാക്കള്‍ക്കൊപ്പം ലഭിച്ചിരുന്നത്. ഇവരില്‍ നാലു പേരും കണ്ണൂര്‍ ജില്ലയില്‍നിന്നാണ്. 11 കുട്ടികളുടെ അപേക്ഷയാണ് കണ്ണൂരില്‍നിന്ന് മാത്രം ലഭിച്ചിരുന്നത്. ആറ് കുട്ടികള്‍ അപേക്ഷിച്ച കോഴിക്കോട് ജില്ലയില്‍നിന്ന് മൂന്ന് പേര്‍ക്ക് അവസരം കൈവന്നു. എറണാകുളം, ഇടുക്കി, കാസര്‍കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍നിന്ന് ഓരോ കുട്ടികള്‍ക്കും അവസരം ലഭിച്ചു.
ഹജ് അപേക്ഷകരില്‍ 34,854 പേര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നും, 8261 പേര്‍ നെടുമ്പാശ്ശേരിയില്‍ നിന്നുമാണ് യാത്ര ആവശ്യപ്പെട്ടിരുന്നത്. ഇവരില്‍ കരിപ്പൂര്‍ വിമാനത്താവളം വഴി 9323 പേരും നെടുമ്പാശ്ശേരിയില്‍നിന്ന് 2143 പേരുമാണ് ഹജിന് പോവുക. ഹജ് അപേക്ഷകരില്‍ 23610 പേര്‍ സ്ത്രീകളും 19466 പേര്‍ പുരുഷന്മാരുമായിരുന്നു.