ജിദ്ദ - സ്വകാര്യ സ്ഥാപനങ്ങൾ സൗദി പോസ്റ്റിന്റെ ദേശീയ അഡ്രസ് സേവനത്തിൽ (വാസിൽ) രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം റദ്ദാക്കിയതായി റിപ്പോർട്ട്. ഇക്കാര്യം സ്വകാര്യ സ്ഥാപനങ്ങളെ മന്ത്രാലയം അറിയിച്ചു. ഇതുവരെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ വാസിൽ സേവനത്തിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമായിരുന്നു. കത്തുകളും മറ്റും സ്ഥാപന ആസ്ഥാനങ്ങളിൽ തന്നെ സ്വീകരിക്കുന്നതിന് സർക്കാർ വകുപ്പുകളെയും സ്വകാര്യ സ്ഥാപനങ്ങളെയും സഹായിക്കുന്നതിന് ലക്ഷ്യമിട്ടാണ് വാസിൽ സേവന രജിസ്‌ട്രേഷൻ നേരത്തെ നിർബന്ധമാക്കിയത്.
കമ്പനികളുടെ മെയിൻ ആസ്ഥാനങ്ങൾ വാസിൽ സേവനത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് ആയിരം റിയാലും ശാഖകൾ രജിസ്റ്റർ ചെയ്യുന്നതിന് 300 റിയാലുമായിരുന്നു ഫീസ്. വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ വാസിൽ സേവനത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് 500 റിയാലും ശാഖകൾ രജിസ്റ്റർ ചെയ്യുന്നതിന് 100 റിയാലും ഫീസ് നൽകണം.