മദീന - പ്രവാചക മസ്ജിദിന്റെ മുറ്റം വികസിപ്പിക്കുന്നതിനുള്ള ജോലികൾ മദീന വികസന അതോറിറ്റി ആരംഭിച്ചു. മസ്ജിദുന്നബവിക്ക് പടിഞ്ഞാറുള്ള മുഴുവൻ കെട്ടിടങ്ങളും പൊളിച്ചുനീക്കുന്നുണ്ട്. അൽസലാം മ്യൂസിയം മാത്രമാണ് ഇവിടെ പൊളിക്കാത്തത്. സൂഖുൽമനാഖ ഏരിയയിലാണ് ഇപ്പോൾ വികസന പദ്ധതി നടപ്പാക്കുന്നത്. സൂഖുൽമനാഖയെ പടിഞ്ഞാറു ഭാഗത്തുള്ള മസ്ജിദുന്നബവി മുറ്റത്തിലേക്ക് കൂട്ടിച്ചേർക്കുകയാണ് ചെയ്യുന്നത്. പൊളിച്ചുനീക്കൽ ജോലികൾ പതിനഞ്ചു ദിവസത്തിനകം പൂർത്തിയാകും. മസ്ജിദുന്നബവി മുറ്റത്തെ എക്‌സിറ്റ് എട്ടു മുതൽ 15 വരെയുള്ള മുഴുവൻ ഗെയ്റ്റുകളും വികസന പദ്ധതിക്കു വേണ്ടി അടക്കും.
സൂഖുൽ മനാഖയിൽ സ്റ്റാളുകൾ നടത്തിയിരുന്ന സൗദികൾക്ക് വികസന പദ്ധതി പൂർത്തിയായശേഷം കച്ചവടം ചെയ്യുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തി നൽകും. സൂഖുൽ മനാഖയിൽ സ്റ്റാളുകൾ നടത്തിയിരുന്ന സൗദികൾക്ക് താൽക്കാലികമായി അനുയോജ്യമായ ബദൽ ക്രമീകരണം ഏർപ്പെടുത്തുന്നതിന് മദീന നഗരസഭയും മദീന വികസന അതോറിറ്റിയും എത്രയും വേഗം ഏകോപനം നടത്തണമെന്ന് മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ നിർദേശം നൽകിയിട്ടുണ്ട്.