സിംഗപ്പൂര്‍: ടിക്കറ്റില്ലാതെ എങ്ങിനെയാണ് വിമാനയാത്ര സാധ്യമാവുക? പാസ്‌പോര്‍ട്ടില്ലാതെ എങ്ങിനെ അന്താരാഷ്ട്ര യാത്ര നടത്തുവാന്‍ സാധിക്കും? ശരിയാണ് അന്താരാഷ്ട്ര വിമാനയാത്രയ്ക്ക് ടിക്കറ്റ് മാത്രമല്ല പാസ്‌പോര്‍ട്ടും ആവശ്യം തന്നെ. എന്നാല്‍ ഇവിടെ ഒരു 'യാത്രക്കാരന്‍' ഇത് രണ്ടുമില്ലാതെയാണ് വിമാനത്തില്‍ കയറികൂടിയത്... ഈ യാത്രക്കാരനും മോശക്കാരനായിരുന്നില്ല.. യാത്രാ ചെയ്യാന്‍ തിരഞ്ഞെടുത്തത് ബിസിനസ് ക്ലാസ്സ് തന്നെ...
സിംഗപ്പൂരില്‍നിന്ന് ലണ്ടനിലേക്ക് പോകുകയായിരുന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ജനുവരി 7നായിരുന്നു സംഭവം.
വിമാനത്താവളത്തില്‍നിന്ന് വിമാനം പുറപ്പെട്ട് 12 മണിക്കൂര്‍ കഴിഞ്ഞാണ് രസകരമായി ആ കാഴ്ച യാത്രക്കാര്‍ കാണാനിടയായത്. ടിക്കറ്റ് എടുത്ത് അവരവരുടെ സീറ്റുകളില്‍ സ്ഥാനമുറപ്പിച്ചവരെയൊക്കെ അത്ഭുതപ്പെടുത്തിക്കൊണ്ട് ടിക്കറ്റോ പാസ്‌പോര്‍ട്ടോ ഒന്നുംതന്നെ ഇല്ലാതെ യാത്ര ചെയ്യുകയായിരുന്നു ഒരു 'മൈന'. സിംഗപ്പൂരില്‍നിന്ന് ലണ്ടനിലേക്ക് ഏകദേശം 14 മണിക്കൂര്‍ യാത്രയുണ്ട്. ലണ്ടനിലെത്താന്‍ ഏകദേശം രണ്ട് മണിക്കൂര്‍ ബാക്കിയുള്ളപ്പോള്‍ മാത്രമാണ് വിമാനത്തിലെ ജീവനക്കാര്‍ മൈനയെ കാണുന്നത്. പിന്നീട് വിമാനത്തിലെ മറ്റ് യാത്രക്കാരുടെ സഹായത്തോടെ മൈനയെ പിടികൂടുകയും അതിനെ ലണ്ടനിലെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്തു.