ഷാര്‍ജ- ബഹ്‌റൈനോട് തോല്‍വി ഏറ്റുവാങ്ങി ഏഷ്യാ കപ്പില്‍ നിന്ന് ഇന്ത്യ പുറത്തായതിനു പിന്നാലെ ടീം കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ രാജിവെച്ചു. ചരിത്രത്തിലാദ്യമായി ഏഷ്യാ കപ്പില്‍ നോക്കൗട്ടിലെത്താന്‍ ഒരു സമനില വേണ്ടിയിരുന്ന ഇന്ത്യ കളിയുടെ അവസാന നിമിഷം പെനല്‍റ്റി വഴങ്ങിയാണ് പുറത്തായത്. ഈ കളിക്കു ശേഷമാണ് കോണ്‍സ്റ്റന്റൈന്‍ പദവി ഒഴിയാന്‍ തീരുമാനിച്ചതായി അറിയിച്ചത്. 'എന്റെ ലക്ഷ്യം ഏഷ്യന്‍ കപ്പിന് യോഗ്യത നേടുക എന്നതായിരുന്നു. അതു സാധിച്ചു. കൂടാതെ ചില റെക്കോര്‍ഡുകളും തിരുത്താനായി. കളിക്കാരില്‍ അഭിമാനമുണ്ട്'- അദ്ദേഹം പറഞ്ഞു.
നേരത്തെ 2002 മുതല്‍ 2005 വരെ ഇന്ത്യയുടെ കോച്ചായിരുന്ന കോണ്‍സ്റ്റന്റൈന്‍ 2015-ലാണ് ഈ പദവിയില്‍ വീണ്ടും എത്തിയത്. സ്ഥാനമേറ്റെടുക്കുമ്പോള്‍ ഫിഫ റാങ്കിങില്‍ 173-ാം സ്ഥാനത്തായിരുന്ന ഇന്ത്യയെ നാലു വര്‍ഷത്തിനുള്ളില്‍ കോണ്‍സ്റ്റന്റൈന്‍ 97-ാം സ്ഥാനത്തെത്തിച്ചു. 56-കാരനായ കോണ്‍സ്റ്റന്റൈന്‍ ഇംഗ്ലണ്ടുകാരനാണ്.