തിരുവനന്തപുരം- പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരവും കൊല്ലവും സന്ദർശിക്കും. കൊല്ലത്ത് ബൈപാസ് ഉദ്ഘാടനവും ബി.ജെ.പി പൊതുസമ്മേളനവും തിരുവനന്തപുരത്ത് ശ്രീപത്മനാഭ സ്വാമി ക്ഷേത്ര സന്ദർശനവും നവീകരണ പദ്ധതിയുടെ ഉദ്ഘാടനവുമാണ് പരിപാടികൾ.
പ്രത്യേക വിമാനത്തിൽ വൈകിട്ട് നാലിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രിയെ ഔദ്യോഗികമായി സ്വീകരിക്കും. 4.10 ന് ഹെലികോപ്റ്ററിൽ കൊല്ലത്തേക്ക് തിരിക്കും. 4.45 ന് കൊല്ലത്തെത്തുന്ന പ്രധാനമന്ത്രി 4.50 മുതൽ 5.20 വരെ ആശ്രാമം മൈതാനിയിൽ കൊല്ലം ബൈപാസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് 5.30 ന് പീരങ്കി മൈതാനിയിൽ ബി.ജെ.പി പൊതുയോഗത്തെ അഭിസംബോധന ചെയ്യും.
6.15 ന് കൊല്ലത്തുനിന്ന് തിരിക്കും. 7.15 ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നടപ്പാക്കിയ വിവിധ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും.
കിഴക്കേനടയിൽ നടക്കുന്ന ചടങ്ങിൽ സന്ദർശകർക്കുള്ള സൗകര്യങ്ങൾ ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള ഫലകം അനാവരണം ചെയ്യും. ശേഷം ക്ഷേത്രദർശനം നടത്തും. 7.35 ന് ക്ഷേത്രത്തിൽനിന്ന് തിരിച്ച് 7.40 ന് വിമാനത്താവളത്തിലെത്തി 7.50 ന് മടങ്ങും.
352 കോടി രൂപ ചെലവിൽ നിർമ്മിച്ച 13 കിലോമീറ്റർ ദൈർഘ്യം വരുന്നതാണ് കൊല്ലം ബൈപാസ്. അഷ്ടമുടിക്കായലിന് കുറുകെ 1540 മീറ്റർ നീളംവരുന്ന മൂന്ന് പ്രധാന പാലങ്ങൾ ബൈപാസിൽ ഉൾപ്പെടും. ആലപ്പുഴക്കും തിരുവനന്തപുരത്തിനുമിടയിലുള്ള യാത്രാസമയം കുറയ്ക്കുന്ന ബൈപാസ് കൊല്ലം നഗരത്തിലെ ഗതാഗത തിരക്ക് കുറയ്ക്കാനും സഹായിക്കും. പുതിയ സാമൂഹിക, സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിന് പുറമെ വ്യാപാരത്തിനും വിനോദസഞ്ചാരത്തിനും കുതിപ്പേകാനും സഹായകമാകും.
കൊല്ലം നഗരത്തിലെ പ്രധാനമന്ത്രിയുടെ മൂന്നാമത്തെ ഔദ്യോഗിക സന്ദർശനമാണിത്. 2015 ഡിസംബറിൽ ആർ. ശങ്കർ പ്രതിമ അനാവരണം ചെയ്യുന്നതിനായിരുന്നു നരേന്ദ്രമോഡിയുടെ ആദ്യസന്ദർശനം. തുടർന്ന് 2016 ഏപ്രിലിൽ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തെ തുടർന്നു പ്രധാനമന്ത്രി കൊല്ലം സന്ദർശിച്ചിരുന്നു.
കേന്ദ്ര ടൂറിസം മന്ത്രാലയം പത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വദേശ് ദർശൻ പദ്ധതി വഴി 90 കോടി രൂപ ചെലവഴിച്ചു നടപ്പിലാക്കിയ പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. പൈതൃക കാൽനടപ്പാതയുടെ നിർമ്മാണം, പത്മതീർത്ഥകുളത്തിന്റെ നവീകരണം, വൈദ്യുതീകരണം, ബയോ ടോയ്‌ലെറ്റുകൾ, കുളിമുറികൾ, ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങളും സുരക്ഷാ ഉപകരണങ്ങൾ, ഡിജിറ്റൽ മ്യൂസിയത്തിനുള്ള സോഫ്റ്റ്‌വെയറുകൾ തുടങ്ങിയവയുടെ സജ്ജീകരണവുമാണ് നടപ്പാക്കിയിരിക്കുന്നത്.