കൊച്ചി - മുനമ്പം ഹാർബർ വഴി മത്സ്യബന്ധന ബോട്ടിൽ ഓസ്‌ട്രേലിയക്കു പുറപ്പെട്ട 43 അംഗസംഘത്തെ കണ്ടെത്തുന്നതിന് നാവിക സേനയും കോസ്റ്റ് ഗാർഡും കടലിൽ തിരച്ചിൽ ആരംഭിച്ചു.
കോസ്റ്റ് ഗാർഡിന്റെ രണ്ടും നാവിക സേനയുടെ ഒരു കപ്പലുമാണ് തിരച്ചിൽ നടത്തുന്നത്. സംഭവം മനുഷ്യക്കടത്താണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായും ആലുവ റൂറൽ എസ്.പി രാഹുൽ ആർ. നായർ പറഞ്ഞു.
സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസികളും അന്വേഷണം ആരംഭിച്ചു. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള സംഘം മാല്യങ്കരയിലെ ബോട്ട് ജെട്ടിയിൽനിന്നാണ് യാത്ര പുറപ്പെട്ടതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ബോട്ട് ജെട്ടിക്ക് സമീപത്തെ ഒഴിഞ്ഞ പറമ്പിൽനിന്നും 13 ഉം മുനമ്പത്ത്‌നിന്ന് ആറും ബാഗുകളാണ് ശനിയാഴ്ച രാത്രി കണ്ടെടുത്തത്. സംശയാസ്പദമായ സാഹചര്യത്തിൽ ബാഗുകൾ കണ്ടെത്തിയത് സംബന്ധിച്ച് മുനമ്പം, വടക്കേക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ടൂറിസ്റ്റുകളെന്ന പേരിൽ നാലു ഗ്രൂപ്പുകളായി തിരിഞ്ഞാണ് സംഘം ചെറായിയിലെ ഹോം സ്‌റ്റേയിൽ തങ്ങിയത്. ഇവരുടെ തിരിച്ചറിയൽ രേഖകൾ പോലീസ് പരിശോധിച്ച് വരികയാണ്.
13 കുടുംബങ്ങളിലേതായി നാലു ഗർഭിണികളും നവജാത ശിശുവും സംഘത്തിലുൾപ്പെടുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. യാത്രക്കു മുൻപ് ഒരു മാസത്തേക്കുള്ള മരുന്നു ശേഖരിക്കാനും സംഘം ശ്രമിച്ചു. ദൽഹി, ചെന്നൈ വഴിയെത്തിയ സംഘം ചെറായിയിലെ ലോഡ്ജിലാണ് താമസിച്ചത്. മുനമ്പത്തെ പമ്പിൽനിന്ന് 10 ലക്ഷം രൂപക്ക് 12,000 ലിറ്റർ ഇന്ധനവും സംഘം നിറച്ചു. കുടിവെള്ളം ശേഖരിക്കാൻ മുനമ്പത്തുനിന്ന് അഞ്ചു ടാങ്കുകൾ വാങ്ങി. മുനമ്പം സ്വദേശിയിൽനിന്നു ദേവമാത ബോട്ട് വാങ്ങിയത് കുളച്ചൽ സ്വദേശിയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. 1.20 കോടി രൂപക്കായിരുന്നു വിൽപന.
കൊടുങ്ങല്ലൂരിൽനിന്നു ഉപേക്ഷിക്കപ്പെട്ട 54 ബാഗുകൾ കണ്ടെത്തിയതും മുനമ്പത്തെ സംഭവവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്ന് എസ്.പി രാഹുൽ ആർ. നായർ പറഞ്ഞു. ലഭിച്ച വിവരങ്ങൾ പരിശോധിക്കുകയാണ്. മനുഷ്യക്കടത്താണെന്ന് ഇപ്പോൾ പറയാനാകില്ല. അതിനാവശ്യമായ തെളിവുകൾ ലഭിച്ചിട്ടില്ല. മാല്യങ്കരയിൽനിന്നു ലഭിച്ച ബാഗിൽനിന്നാണ് വിമാന ടിക്കറ്റുകൾ ലഭിച്ചത്. ഈ യാത്രക്കാരനെ സംബന്ധിച്ച് വിമാനത്താവളത്തിൽ അന്വേഷണം നടത്തും. ബാഗുകൾ എങ്ങനെ അവിടെയെത്തി, അതിന്റെ ഉറവിടം എന്നിവയെക്കുറിച്ചും അന്വേഷണം തുടരുകയാണ്. അഡീഷണൽ എസ്.പി എം.ജെ സോജന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങിയതായും എസ്.പി പറഞ്ഞു.
43 അംഗ സംഘം സഞ്ചരിച്ചുവെന്ന് സംശയിക്കുന്ന ബോട്ട് കണ്ടെത്താൻ നാവികസേനയും കോസ്റ്റ് ഗാർഡും സംയുക്തമായി അന്വേഷണം തുടങ്ങി. ബോട്ട് പുറപ്പെട്ട ദിവസം, സഞ്ചാരപഥം എന്നിവ കണ്ടെത്തേണ്ടതുണ്ട്. ആയിരക്കണക്കിന് മത്സ്യബന്ധന ബോട്ടുകൾ കടലിലുള്ളതിനാൽ തിരച്ചിലിന് ഏറെ താമസമെടുക്കുമെന്നാണ് നാവിക സേന നൽകുന്ന സൂചന.
യാത്രക്കാർ ഉപേക്ഷിച്ച ബാഗുകൾ തീരത്ത് കണ്ടെത്തിയതോടെയാണു പോലീസിനു വിവരം ലഭിച്ചത്. ബാഗുകളിൽ ഉണക്കിയ പഴവർഗങ്ങൾ, വസ്ത്രങ്ങൾ, കുടിവെള്ളം, ഫോട്ടോകൾ, വിമാന ടിക്കറ്റുകൾ തുടങ്ങിയവ കണ്ടെത്തിയിട്ടുണ്ട്. 2015 ൽ മുനമ്പത്ത് നിന്നു മനുഷ്യക്കടത്ത് നടത്തിയതിന് കേസ് രജിസ്റ്റർ ചെയ്തി
രുന്നു. അന്ന് ശ്രീലങ്കൻ അഭയാർഥികളെയാണ് എത്തിച്ചത്. ഇതേ സംഘംതന്നെയാണോ ഇപ്പോഴത്തെ കടത്തിന് പിന്നിലും പ്രവർത്തിച്ചതെന്ന് പോലീസ് പരിശോധിക്കും.