തലശ്ശേരി- ശബരിമല ദര്‍ശനം നടത്തിയ കൊയിലാണ്ടി സ്വദേശിനി ബിന്ദു തലശ്ശേരി പാലയാട് യൂനിവേഴ്‌സിറ്റി കാമ്പസിലെ ലീഗല്‍ സ്റ്റഡീസ് സെന്ററിലെത്തി. ഞായറാഴ്ച എറണാകുളത്ത് നടന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ മുഖ്യാതിഥികളായി ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും പങ്കെടുത്തിരുന്നു. ഇതിന് ശേഷമാണ് ഇന്നു കാലത്ത് ബിന്ദു തലശ്ശേരിയിലെത്തിയത.ബിന്ദു ജോലിക്കെത്തിയതോടെ പോലീസ് സംരക്ഷണവും ഏര്‍പ്പെടുത്തി.
പുരുഷന്‍മാര്‍ കയറുന്ന എല്ലായിടത്തും സ്ത്രീകള്‍ക്ക് പോകാമെന്നും ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകെള എവിടെനിന്നും മാറ്റിനിര്‍ത്താന്‍ സാധിക്കില്ലെന്നും ബിന്ദു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കാലത്ത് താമസസ്ഥലത്തുനിന്ന് ഒരു കിലോമീറ്ററോളം നടന്നാണ് കാമ്പസിലെത്തിയതെന്നും തന്നെ ആരും തടയാനോ മറ്റോ എത്തിയില്ലെന്നും പ്രതിഷേധത്തെ ഭയക്കുന്നില്ലെന്നും ബിന്ദു പറഞ്ഞു. കാമ്പസിലെത്തിയശേഷം പുറത്ത് ഹോട്ടലില്‍ പോയി ചായ കുടിച്ചത് തനിച്ചാണെന്നും കാമ്പസിനകത്ത് കുട്ടികളുമായി നല്ല ബന്ധമാണെന്നും ബിന്ദു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പുറത്തുനിന്ന് പ്രതിഷേധക്കാര്‍ സംഘടിച്ചെത്തുമോയെന്നറിയില്ല. താന്‍ പോലീസ് സംരക്ഷണത്തിന് അപേക്ഷ നല്‍കിയിട്ടില്ല. എന്നാല്‍ തനിക്ക് ഇപ്പോള്‍ ഏര്‍പ്പെടുത്തിയ പോലീസ് സംരക്ഷണം എവിടെയെല്ലാം തുടരുമെന്ന് അറിയില്ലെന്നും ബിന്ദു പറഞ്ഞു. വ്യക്തിയെന്ന നിലയില്‍ ഒരു പൗരന് സുരക്ഷ ഏര്‍പ്പെടുത്തേണ്ടത് പോലീസിന്റെ കടമയാണ്. അതിനാലായിരിക്കാം പോലീസ് ഇവിടെയെത്തിയത്.
ശബരിമല ദര്‍ശനം കഴിഞ്ഞതിന്റെ പിറ്റേ ദിവസം തന്നെ കോളേജില്‍ വരാന്‍ തീരുമാനിച്ചതായിരുന്നു. ഹര്‍ത്താലുള്‍പ്പെടെയുള്ള കനത്ത പ്രതിഷേധമുണ്ടാകുമെന്നു പ്രതീക്ഷിച്ചില്ല. തന്റെ കൂടെ ശബരിമല ദര്‍ശനം നടത്തിയ കനകുദര്‍ഗക്ക് കുടുംബത്തില്‍ പ്രശ്‌നം നേരിടുന്നുണ്ട്. എന്നാല്‍ തനിക്ക് ഭര്‍ത്താവും മകളും പൂര്‍ണ്ണ പിന്‍തുണയാണ് നല്‍കുന്നത.് ഭക്തന്‍മാരാണെന്ന് അവകാശപ്പെട്ട് പലരും ഫെയ്‌സ്ബുക്ക് വഴിയും മറ്റും കേട്ടാലറക്കുന്ന തെറിയഭിഷേകം നടത്തുകയാണ്. ഇവര്‍ ഭക്തന്‍മാരല്ല. ഇത്തരം അക്രമകാരികള്‍ സമൂഹത്തിലുണ്ടെന്ന് കണ്ട് മാറിനിന്നതു കൊണ്ടാണ് ഇത്രയും ദിവസം കോളേജിലെത്താതിരുന്നത.് ഞായറാഴ്ച നടന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ താനും കനക ദുര്‍ഗയും പങ്കെടുത്തരുന്നു. അവിടെയും യാതൊരു പ്രതിഷേധവുമുണ്ടായില്ല. ശബരിമലയില്‍ താന്‍ മൂന്നാം തവണയാണ് പോകുന്നത്. നേരത്തെ 11 -ാം വയസ്സില്‍ മല ചവിട്ടിയതായും പത്തനംതിട്ടക്കാരിയായ തനിക്ക് അവിടുത്തെ ആചാരത്തെക്കുറിച്ച് അറിയാമെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.
ഗസ്റ്റ് ലക്ചററായി ജോലി നോക്കുന്ന പാലയാട് കാമ്പസില്‍ ക്രിസ്തുമസ് അവധിക്ക് ശേഷം ബിന്ദു ജോലിക്കെത്തിയിരുന്നില്ല. ശബരിമല ദര്‍ശനം നടത്തിയ ശേഷം കേരളത്തിലുടനീളമുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് ബിന്ദുവും കനകദുര്‍ഗയും അജ്ഞാതവാസത്തിലായിരുന്നു. ഞായറാഴ്ച ആര്‍പ്പോ ആര്‍ത്തവ വേദിയിലാണ് ഇവര്‍ പ്രത്യക്ഷപ്പെട്ടിരുന്നത.് ധര്‍മ്മടം പോലീസാണ് ബിന്ദുവിന് സംരക്ഷണം നല്‍കുന്നത.് കാമ്പസിന്റെ പ്രധാന ഗേറ്റിലും കോളേജ് പരിസരത്തും പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.