റിയാദ് - ദേശീയ പെട്രോളിയം കമ്പനിയായ സൗദി അറാംകോക്കു കീഴിലെ പെട്രോൾ ബങ്കുകൾ വൈകാതെ പ്രവർത്തനം തുടങ്ങുമെന്ന് റിപ്പോർട്ട്. അറാംകൊ പെട്രോൾ ബങ്കുകൾ ഉപയോക്താക്കൾക്ക് തീർത്തും വ്യത്യസ്തമായ നവ്യാനുഭവം സമ്മാനിക്കും. ഏറ്റവും നവീനമായ പെട്രോൾ പമ്പുകളുള്ള ബങ്കുകളിൽ ഉപയോക്താക്കളുടെ താൽപര്യം അനുസരിച്ച് സെൽഫ് സർവീസ് സേവനവുമുണ്ടാകും.
ക്രെഡിറ്റ് കാർഡുകളും ഡെബിറ്റ് കാർഡുകളും ഉപയോഗിച്ച് പണമടയ്ക്കുന്നതിനുള്ള സൗകര്യവും അറാംകൊ പെട്രോൾ ബങ്കുകളിലുണ്ടാകും. ചില്ലറ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നതിന് സൗദി അറാംകൊ റീടെയ്ൽകോ എന്ന പേരിൽ പുതിയ കമ്പനി സ്ഥാപിച്ചിട്ടുണ്ട്. സൗദിയിൽ ഇന്ധന ചില്ലറ വിൽപനയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളുടെയും ചുമതല റീടെയൽകോ കമ്പനിക്കായിരിക്കും. ഇന്ധന മേഖലയിൽ ഉപയോക്താക്കൾക്ക് സേവനം നൽകുന്ന മുൻനിര സൗദി കമ്പനിയായി റീടെയ്ൽകോ മാറും. വിമാന ഇന്ധന, വാഹന ഇന്ധന മേഖലകളിലാണ് കമ്പനി മുഖ്യമായും പ്രവർത്തിക്കുക. സുസ്ഥിരവും ലാഭകരവുമായ പ്രവർത്തനത്തിന്റെ പുതിയ മാതൃക റീടെയ്ൽകോ കമ്പനി സൃഷ്ടിക്കുമെന്ന് കമ്പനി ചെയർമാൻ അഹ്മദ് അൽസുബൈഇ പറഞ്ഞു. ഉയർന്ന ഗുണമേന്മയുള്ള ഉൽപന്നങ്ങളും ഏറ്റവും മികച്ച സേവനങ്ങളും കമ്പനി ഉപയോക്താക്കൾക്ക് നൽകും. പുതിയ കമ്പനി സൗദി അറാംകോക്ക് അധിക വരുമാനം ലഭ്യമാക്കുമെന്നും അഹ്മദ് അൽസുബൈഇ പറഞ്ഞു.