ജിദ്ദ - ലേഡീസ് ബ്യൂട്ടി പാർലറുകളിലെ ജോലികളിൽ സൗദി യുവതികൾക്ക് പരിശീലനം നൽകുന്നതിന് അക്കാദമി തുടങ്ങാൻ നീക്കമുള്ളതായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. ലേഡീസ് ബ്യൂട്ടി പാർലറുകൾ നേരിടുന്ന പ്രതിബന്ധങ്ങളെ കുറിച്ച് വിശകലനം ചെയ്യുന്നതിന് പാർലർ ഉടമകളായ വനിതാ വ്യവസായികൾ ജിദ്ദ മേയർ എൻജിനീയർ സ്വാലിഹ് അൽതുർക്കിയുമായി കഴിഞ്ഞ മാസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബ്യൂട്ടി പാർലർ മേഖലയിൽ സൗദിവൽക്കരണം വേഗത്തിലാക്കുന്നതിന് അക്കാദമി തുടങ്ങാൻ ബന്ധപ്പെട്ടവർ നീക്കം തുടങ്ങിയത്.
ബ്യൂട്ടി പാർലർ മേഖലയിൽ വിജയകരമായി സൗദിവൽക്കരണം നടപ്പാക്കുന്നതിന് സൗദി യുവതികൾക്ക് ഈ മേഖലയിലെ തൊഴിലുകളിൽ മികച്ച നിലയിൽ പരിശീലനം നൽകുന്ന അക്കാദമി സ്ഥാപിക്കൽ പ്രധാനമാണെന്ന് ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സിലെ ബ്യൂട്ടി പാർലർ കമ്മിറ്റി വൈസ് പ്രസിഡന്റ് ഈമാൻ ആശൂർ പറഞ്ഞു. ബ്യൂട്ടി പാർലർ മേഖലയിലെ ഏതാനും തൊഴിലുകളിൽ നിയമിക്കുന്നതിന് യോഗ്യരായ സൗദി വനിതകളെ തീരെ കിട്ടാനില്ല. ഇത്തരം തൊഴിലുകളിൽ വിദഗ്ധർ പരിശീലനം നൽകുന്ന അക്കാദമിയുണ്ടെങ്കിൽ ഈ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കാൻ സാധിക്കും.
നിലവിൽ ബ്യൂട്ടീഷ്യൻ കോഴ്‌സുകളിൽ പരിശീലനം നൽകുന്ന ഇൻസ്റ്റിറ്റിയൂട്ടുകളുടെ പ്രവർത്തനം പ്രതീക്ഷക്ക് നിരക്കുന്നതല്ല. ഇത്തരം സ്ഥാപനങ്ങളിൽനിന്ന് പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങുന്നവർക്ക് മതിയായ യോഗ്യതയില്ല. ഇത്തരക്കാരെ ജോലിക്കു വെക്കുന്നതിന് പാർലർ ഉടമകൾ ആഗ്രഹിക്കുന്നുമില്ല. മെയ്ക്കപ്പ് മേഖലയിൽ സൗദി വനിതകൾ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. മെയ്ക്കപ്പ് വിദഗ്ധരായ സൗദി യുവതികൾക്ക് പതിനായിരം റിയാൽ വരെ വേതനം ലഭിക്കുന്നുണ്ട്. മെയ്ക്കപ്പ് വിദഗ്ധരായ സൗദി യുവതികൾക്ക് രാജ്യത്ത് കുറവില്ല. എന്നാൽ ഹെയർ സ്റ്റൈൽ, ഹെയർ ഡൈ, മസാജിംഗ്, മൊറോക്കൻ സ്പാ തുടങ്ങിയ മേഖലകളിൽ വിദഗ്ധരായ സൗദി വനിതകളെ കിട്ടാനില്ല. ഹെയർ സ്റ്റൈൽ, ഹെയർ ഡൈ വിദഗ്ധർക്ക് പന്ത്രണ്ടായിരം റിയാൽ വരെ വേതനം ലഭിക്കുന്നുണ്ട്. ചില സൗദി യുവതികൾ ബ്യൂട്ടി പാർലറുകളിലെ ജോലിയിൽ ഉറച്ചുനിൽക്കുന്നില്ല. ചിലർ കൃത്യമായി ജോലിക്ക് വരുന്നില്ല. ഇതെല്ലാം സ്ഥാപന ഉടമകൾക്ക് തലവേദന സൃഷ്ടിക്കുകയാണെന്ന് ഈമാൻ ആശൂർ പറഞ്ഞു.
ബ്യൂട്ടി പാർലർ മേഖലയിലെ ജോലികൾ സ്വീകരിക്കാൻ സന്നദ്ധരായ സൗദി യുവതികൾ വളരെ കുറവാണെന്ന് ബ്യൂട്ടി പാർലർ ഉടമ നജ്‌ലാ അൽതുർക്കി പറഞ്ഞു. ഹെയൽ സ്റ്റൈൽ, ഹെയർ ഡൈ, കാലിന്റെയും നഖത്തിന്റെയും പരിരക്ഷണം അടക്കമുള്ള മേഖലകളിൽ വൈദഗ്ധ്യം നേടുക എളുപ്പമല്ല. ദീർഘമായ ജോലി സമയവും പ്രശ്‌നമാണ്. മെയ്ക്കപ്പ് വിദഗ്ധരായ സൗദി യുവതികൾ ബ്യൂട്ടി പാർലറുകളിലെ ജോലികൾ സ്വീകരിക്കാൻ മുന്നോട്ടു വരുന്നുണ്ട്. എന്നാൽ സ്വന്തം നിലക്ക് ബ്യൂട്ടി പാർലറുകൾ ആരംഭിക്കുന്നതിന് ആവശ്യമായ പരിചയ സമ്പത്ത് ആർജിക്കുന്നതിനാണ് ഇവർ താൽക്കാലികമായി സ്ഥാപനങ്ങളിലെ ജോലികൾ സ്വീകരിക്കുന്നത്. ബ്യൂട്ടി പാർലർ മേഖലയിലെ തൊഴിലുകളിൽ പരിശീലനം നൽകുന്ന സ്ഥാപനങ്ങളുടെ കുറവ് സൗദിവൽക്കരണം നടപ്പാക്കുന്നതിന് പ്രധാന പ്രതിബന്ധമാണ്. ഉള്ള സ്ഥാപനങ്ങളിലെ കോഴ്‌സുകൾ നിലവാരമില്ലാത്തവയാണ്. ഇത്തരം ഇൻസ്റ്റിറ്റിയൂട്ടുകളുടെ എണ്ണം വർധിപ്പിക്കുകയും പാഠ്യപദ്ധതികൾ പരിഷ്‌കരിക്കുകയും വേണമെന്ന് നജ്‌ലാ അൽതുർക്കി പറഞ്ഞു. ജിദ്ദയിൽ പതിനയ്യായിരത്തോളം ലേഡീസ് ബ്യൂട്ടി പാർലറുകളുണ്ടെന്നാണ് കണക്ക്.