മലപ്പുറത്തെ കുറിച്ച് അനാവശ്യ വിവാദങ്ങളുണ്ടാക്കുക സി.പി.എം നേതാക്കളുടെ രീതിയായി മാറിയിട്ടുണ്ട്. ഹിന്ദുത്വ ശക്തികളോട് മത്സരിക്കുകയാണോ എന്നു തോന്നിപ്പോകും. മലപ്പുറത്തെ കുട്ടികള്‍ പരീക്ഷ ജയിച്ചപ്പോള്‍ അതു കോപ്പിയടിച്ചതാണെന്ന് പറഞ്ഞുകൊണ്ട് സി.പി.എമ്മിന്റെ സമുന്നത നേതാവ് വി.എസ് അച്യുതാന്ദനാണ് ഇതിനു തുടക്കം കുറിച്ചത്. ജില്ലയുമായി ഒരു ബന്ധവുമില്ലാത്ത ആലപ്പാട്ടെ സമരത്തിലേക്ക് മലപ്പുറത്തെ വലിച്ചിഴക്കാന്‍ ഇപ്പോള്‍ മന്ത്രി ഇ.പി. ജയരാജനെ പ്രേരിപ്പിച്ചതെന്താണ് ? അദ്ദേഹത്തിന്റെ മനസ്സിലുള്ളതാണോ വായില്‍ തികട്ടിയത്.
മലപ്പുറം സത്വത്തെ കമ്മ്യൂണിസ്റ്റുകളും ഭയക്കുമ്പോള്‍ അത് കേവലം ലീഗ് വിരോധം മാത്രമാകാന്‍ വഴയില്ല. മലപ്പുറത്തെ ചുറ്റിപ്പറ്റി ഇതിനു മുമ്പും രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. സിനിമകളില്‍ മലപ്പുറത്തെ ഭീതിയോടെ അടയാളപ്പെടുത്തിയ കാലമുണ്ടായിരുന്നു.
മലബാറിലെ പിന്നാക്ക പ്രദേശങ്ങളുടെ വികസനം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മലപ്പുറം ജില്ല എന്ന ആശയം പിറവിയെടുത്തത്. എന്നാല്‍, ഒരു ജില്ല രൂപീകരിക്കുന്നതിനെതിരെ ചരിത്രത്തിലാദ്യമായി സമര സമിതിയുണ്ടായത് ഇവിടെയാണ്. 1968 ല്‍ മലപ്പുറം ജില്ലാ വിരുദ്ധ സമിതി രൂപീകരിച്ചായിരുന്നു പ്രക്ഷോഭം.
1969 ജൂണ്‍ രണ്ടു മുതല്‍ ഭാരതീയ ജനസംഘമാണ് സമരം തുടങ്ങിയത്. മലപ്പുറം വന്നാല്‍ ഹിന്ദുക്കള്‍ അപ്രത്യക്ഷമാകുമെന്നും മതപരിവര്‍ത്തനങ്ങള്‍ വര്‍ധിക്കുമെന്നും കേരള ഗാന്ധി എന്നറിയപ്പെടുന്ന കെ. കേളപ്പനും പ്രഖ്യാപിച്ചു. എല്ലാതരം ത്യാഗത്തിനും തയ്യാറായി പടക്കളത്തിലേക്കിറങ്ങാനാണ് അദ്ദേഹം ദേശസ്‌നേഹികളോട് ആഹ്വാനം ചെയ്തത്. മലപ്പുറത്തിനെതിരായ വിദ്വേഷ പ്രചാരണത്തില്‍ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ഒരു പോലെ പങ്കെടുത്തു.
ദേശീയ തലത്തില്‍ സംഘ്പരിവാര്‍ ശക്തികള്‍ ഇപ്പോഴും വെറുപ്പിന്റെ പ്രചാരണത്തിന് മലപ്പുറത്തെ ഉപയോഗപ്പെടുത്തുന്നുണ്ട്.
ഭൂരിപക്ഷം മുസ്ലിംകളായിപ്പോകുമെന്നതു മാത്രമായിരുന്നു മലപ്പുറം ജില്ലയുടെ കുഴപ്പം. മറ്റെല്ലാ ജില്ലകളിലും ഭൂരിപക്ഷം ഹിന്ദുക്കളായാല്‍ മതേതരവും മലപ്പുറം ജില്ലയില്‍ ഭൂരിപക്ഷം മുസ്ലിംകളായാല്‍ വര്‍ഗീയതയാകുന്നതും എങ്ങനെയെന്ന് ഇവരാരും വിശദീകരിച്ചിരുന്നില്ല.
സാഹോദര്യത്തിന്റേയും സൗഹാര്‍ദത്തിന്റെയും മനോഹര ചിത്രങ്ങള്‍ സമ്മാനിച്ചു കൊണ്ട് മലപ്പുറം ജില്ല അരനൂറ്റാണ്ട് പിന്നിട്ടിട്ടും മലപ്പുറം പേടി അപ്രത്യക്ഷമായിട്ടില്ല. ഇതുതന്നെയല്ലേ യഥാര്‍ഥത്തിലുള്ള വിദ്വേഷ പ്രചാരണം. മുസ്്‌ലിം ലീഗിനോടുള്ള രാഷ്ട്രീയ വിദ്വേഷമാണിതെന്ന് കരുതി തള്ളിക്കളയാവതല്ല.