Sorry, you need to enable JavaScript to visit this website.

ഗുജറാത്തല്ല, ഇന്ത്യ; സി.ബി.ഐ കഥ അവസാനിക്കില്ല

ഉത്തരവാദപ്പെട്ട സ്ഥാപനങ്ങളെ അധികാരമുപയോഗിച്ച് തകർക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് സിബിഐ ഡയറക്ടർ അലോക് വർമയെ തൽസ്ഥാനത്തുനിന്ന് നീക്കിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി തീരുമാനം. 
അത്യുന്നത ഭരണഘടനാ സ്ഥാപനങ്ങളിൽ കൊടികുത്തി വാഴുന്ന അഴിമതിയും കുറ്റകൃത്യങ്ങളും അടക്കം അതീവ ഗൗരവതരമായ നിയമ ലംഘനങ്ങൾ തടയുന്നതിനും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനും പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ട് അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് പാതിരാത്രിയിൽ നീക്കം ചെയ്ത നടപടി സുപ്രീം കോടതി തിരുത്തി 72 മണിക്കൂർ പൂർത്തിയാവും മുമ്പാണ് അധാർമികവും നടപടിക്രമങ്ങൾ പാലിക്കാതെയുമുള്ള അട്ടിമറി. നടപടിക്ക് വിധേയനായ ഡയറക്ടർക്ക് തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം പോലും നിഷേധിച്ചുകൊണ്ടുള്ള സ്വാഭാവിക നീതിയുടെ നിഷേധം. 
നിയമ വിരുദ്ധമായി സിബിഐ ഡയറക്ടറെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചതിന് പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ ആരോപണ വിധേയമായിരിക്കേയാണ് മോഡിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതി അട്ടിമറി തീരുമാനം കൈക്കൊണ്ടതെന്നത് അതീവ ഗുരുതരമായ ധാർമിക നിയമ പ്രശ്‌നങ്ങളാണ് ഉയർത്തുന്നത്. പ്രധാനമന്ത്രി നേരിട്ട് ഉൾപ്പെട്ട റഫാൽ അഴിമതി സിബിഐ അന്വേഷണത്തിൽ ഇരിക്കേയാണ് ഈ സംഭവ വികാസങ്ങളെന്നതും വിസ്മരിച്ചുകൂടാ. 
അലോക് വർമയ്ക്കു പുറമെ ഉന്നത സിബിഐ ഉദ്യോഗസ്ഥരായ എം കെ സിൻഹ, എ കെ ശർമ എന്നിവരും റഫാൽ അന്വേഷണത്തെ അട്ടിമറിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് നിയമ വിരുദ്ധ ഇടപെടൽ നടത്തുന്നതായി സംശയം ഉന്നയിച്ചിരുന്നു. 
സിബിഐ സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനക്കെതിരായ അഴിമതിക്കേസിൽ പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇടപെടൽ നടത്തിയതായി സിബിഐ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ തലവനായ എം കെ സിൻഹ സുപ്രീം കോടതിയെ ബോധിപ്പിച്ചിരുന്നു. തന്റെ സത്യവാങ്മൂലത്തിൽ സിൻഹ സിബിഐയെ 'സെന്റർ ഫോർ ബോഗസ് ഇൻവെസ്റ്റിഗേഷൻ' (വ്യാജ അന്വേഷണ കേന്ദ്രം) എന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ 'എക്‌സ്‌റ്റോർഷൻ ഡയറക്ടറേറ്റ്' (പിടിച്ചുപറി ഡയറക്ടറേറ്റ്) എന്നുമാണ് വിശേഷിപ്പിച്ചിരുന്നത്.
ഈ സംഭവ വികാസങ്ങൾ ഓരോന്നും പ്രധാനമന്ത്രിയുടെ ഓഫീസടക്കമുള്ള രാജ്യത്തിന്റെ ഉന്നത രാഷ്ട്രീയ സ്ഥാപനങ്ങളുടെ ജീർണാവസ്ഥയാണ് തുറന്നുകാട്ടുന്നത്. സിബിഐയിലെ സംഭവ വികാസങ്ങളെ ആ സംഘടനയുടെ ഉന്നതതലത്തിൽ നടക്കുന്ന കുടിപ്പകയും ചക്കളത്തിപ്പോരുമൊക്കെയായാണ് മുഖ്യധാരാ മാധ്യമങ്ങൾ പലതും അവതരിപ്പിച്ചു പോന്നിട്ടുള്ളത്. എന്നാൽ അവ അതിനെല്ലാമപ്പുറം അഴിമതിയും കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയുടെ ദൈനംദിന പ്രവർത്തനത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നിരന്തരം നടത്തിവരുന്ന അധാർമിക ഇടപെടലുകളിലേക്കാണ് വെളിച്ചം വീശുന്നത്. കഴിഞ്ഞ വർഷം വിരമിച്ച ഇ ഡി മേധാവി കർണയിൽ സിങ് ഇക്കാര്യങ്ങൾ തുറന്നടിക്കുകയുണ്ടായി. 
ഉന്നത രാഷ്ട്രീയ നേതാക്കളും ബിസിനസ് മേധാവികളും നടത്തിവന്നിരുന്ന കരിമ്പണം വെളുപ്പിക്കൽ പരിപാടിക്കെതിരെ അന്വേഷണത്തിനു മുതിർന്ന ഇ ഡി ജോയന്റ് ഡയറക്ടർ രാജേശ്വറിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ് ശ്രമിച്ചിരുന്നു. രാജേശ്വറിനെ സംരക്ഷിക്കാൻ മുതിർന്ന ഡയറക്ടർ കർണയിൽ സിങ് അങ്ങനെ പിഎംഒയുടെ കണ്ണിലെ കരടായി മാറുകയായിരുന്നു. രാജേശ്വർ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ നിരവധി ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. അലോക് വർമ, കർണയിൽ സിങ്, രാജേശ്വർ തുടങ്ങിയവരെയെല്ലാം തൽസ്ഥാനങ്ങളിൽ അവരോധിച്ചത് നരേന്ദ്ര മോഡിയും അദ്ദേഹത്തിന്റെ ഉപജാപക സംഘങ്ങളും തന്നെയാണ്. എന്നാൽ അത്തരം സ്ഥാപനങ്ങളിൽ തങ്ങളുടെ തീട്ടൂരം യഥേഷ്ടം നടക്കില്ലെന്നു വന്നതോടെയാണ് അവരെല്ലാം അനഭിമതരായി മാറിയത്.
തന്റെയും ഉപജാപക സംഘത്തിന്റെയും ഇംഗിതങ്ങൾക്ക് അനുസരിച്ച് സുപ്രധാന അഴിമതി വിരുദ്ധ, കുറ്റാന്വേഷണ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യാൻ നരേന്ദ്ര മോഡി അധികാരം ദുരുപയോഗം ചെയ്യുന്നത് പുതുമയുള്ള കാര്യമല്ല. 
അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നും നീക്കം ചെയ്തുകൊണ്ട് ഈ നാടകം അവസാനിക്കുമെന്ന് കരുതാനാവില്ല. അത്തരം സംഭവങ്ങളുടെ രാഷ്ട്രീയ ദുരന്ത പരിണാമത്തിന് ഇന്ത്യൻ ജനതയ്ക്ക് ഏറെക്കാലം കാത്തിരിക്കേണ്ടിവരില്ല.
മോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ വലംകയ്യായ അമിത് ഷായ്‌ക്കൊപ്പം സമാനമായ തന്ത്രമാണ് അവിടെ പ്രയോഗിച്ചുപോന്നിരുന്നത്. അതിനെയാണ് അവർ 'ഗുജറാത്ത് മാതൃക' എന്ന് പ്രകീർത്തിച്ചിരുന്നതും. എവിടെയെല്ലാം ഉദ്യോഗസ്ഥർ ഭരണഘടനാ വിരുദ്ധവും അധാർമികവുമായ സമ്മർദങ്ങൾക്ക് വഴങ്ങാൻ വിസമ്മതിച്ചിട്ടുണ്ടോ അവിടെയെല്ലാം ഉദ്യോഗസ്ഥർ പ്രതികാര നടപടികൾക്ക് ഇരകളാകേണ്ടിവന്നിട്ടുണ്ട്. എന്നാൽ ഗുജറാത്ത് അല്ല ഇന്ത്യയെന്ന് മോഡി പ്രഭൃതികളെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങളാണ് ദേശീയ തലത്തിൽ ആവർത്തിക്കുന്നത്. 
 

Latest News