ജിദ്ദ- ഒരു വര്‍ഷത്തെ ലെവിയും ഫീസും അടച്ചയാള്‍ക്ക് രണ്ടു വര്‍ഷത്തെ ഇഖാമ ലഭിച്ചുവെന്നും സൗദിയില്‍ നിയമം മാറിയെന്നും വ്യാപക പ്രചാരണം. വാട്‌സാപ്പ് ഗ്രൂപ്പുകളില്‍നിന്ന് ഗ്രൂപ്പുകളിലേക്ക് വളരെ വേഗമാണ് അടിസ്ഥാനമില്ലാത്ത ഈ പ്രചാരണം പടര്‍ന്നത്.
ലെവിയും ഫീസുമടക്കം ഒരു വര്‍ഷത്തേക്കുള്ള 8000 റിയാല്‍ അടച്ചയാള്‍ക്ക് തന്റെ കണ്‍മുന്നില്‍ രണ്ട് വര്‍ഷത്തെ ഇഖാമ ലഭിച്ചുവെന്നും താന്‍ കമ്പനിയില്‍ ഇരുന്നുകൊണ്ടാണ് വോയിസ് അയക്കുന്നതെന്നും സന്ദേശയമച്ചയാള്‍ പറയുന്നു. ആദ്യം അയച്ച ഗ്രൂപ്പില്‍ മറ്റുള്ളവര്‍ ഉന്നയിച്ച സംശയങ്ങള്‍ക്കുള്ള മറുപടികള്‍ ഉള്‍പ്പെടെയുള്ള സന്ദേശങ്ങളാണ് വാട്‌സാപ്പില്‍ പ്രചരിക്കുന്നത്.
മലയാളം ന്യൂസ് വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും ഫേസ് ബുക്ക് ലൈക്ക് ചെയ്യാം. ട്വിറ്റര്‍ ഫോളോ ചെയ്യാം
അപ്‌ഡേറ്റുകള്‍ വാട്‌സാപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇഖാമ ഇഷ്യൂ ചെയ്യുന്നത് പഴയ രീതിയിലേക്ക് മാറിയെന്നും സ്‌പോണ്‍സര്‍മാര്‍ അധികതുക ഈടാക്കാതിരിക്കാനാണ് വളരെ വേഗം ഈ മെസേജ് അയക്കുന്നതെന്നും സന്ദേശമയച്ചയാള്‍ പറയുന്നു.
വാര്‍ത്ത സത്യമാണോ എന്നറിയാന്‍ നിരവധി പേര്‍ മലയാളം ന്യൂസ് ഓഫീസുമായി ബന്ധപ്പെട്ടു. വിദേശ തൊഴിലാളികള്‍ക്കുള്ള ലെവിയില്‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് തിങ്കളാഴ്ച രാവിലെ ഇഖാമ പുതുക്കിയവരില്‍നിന്ന് അറിയാന്‍ കഴിഞ്ഞു.
വിദേശ തൊഴിലാളികള്‍ക്കുള്ള ലെവി കുറക്കുന്നതായി ഒരു തരത്തിലുള്ള അറിയിപ്പും സൗദി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുമില്ല.
മൂന്ന് വരെ തൊഴിലാളികളുള്ള മുഅസ്സസ ഫര്‍ദി വിഭാഗത്തില്‍ മാത്രമാണ് നിലവില്‍ ലെവി ഇളവുളളത്. ഇവരുടെ ഇഖാമ പുതുക്കാന്‍ 100 റിയാല്‍ ലേബര്‍ ഓഫീസിലും 650 റിയാല്‍ ജാവാസാത്തിലും അടച്ചാല്‍ മതി.
വ്യക്തികളുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള തൊഴിലാളികള്‍ക്ക് ഓണ്‍ലൈന്‍ സേവനമായ അബ്ശിര്‍ വഴി രണ്ടു വര്‍ഷ കാലാവധിയുള്ള ഹവയ്യത്തുമുഖീം (ഇഖാമ) ഇഷ്യൂ ചെയ്യാന്‍ സാധിക്കുമെന്ന് ജവാസാത്ത് ഡയരക്ടറേറ്റ് നേരത്തെ അറിയിച്ചിരുന്നു. രണ്ടു വര്‍ഷത്തേക്കായാലും നിലവിലുള്ളതു പോലെ അഞ്ച് വര്‍ഷത്തേക്കായാലും ഓരോ വര്‍ഷവും ആവശ്യമായ ഫീസ് അടച്ച് ഹവിയ്യത്തു മുഖീം പുതുക്കേണ്ടതുണ്ട്. അഞ്ചുവര്‍ഷ കാലാവധിയുള്ള ഹവിയ്യ ഒരു വര്‍ഷത്തേക്കോ രണ്ടു വര്‍ഷത്തേക്കോ ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ സാധിക്കും. ജവാസാത്തിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ വഴി ഹവിയ്യയില്‍ അവശേഷിക്കുന്ന കാലാവധി മനസ്സിലാക്കാനും കഴിയും. ഓരോ തവണയും പുതുക്കുമ്പോള്‍ ഹവിയ്യയുടെ പുതിയ പ്രന്റൗട്ട് നല്‍കില്ല.