ജിദ്ദ- ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ നടപടികള്‍ ചൊവ്വാഴ്ച ആരംഭിക്കും. എല്‍.കെ.ജി ഷിഫ്റ്റുകളിലേക്കുള്ള പ്രവേശനം ഇക്കുറിയും നറുക്കെടുപ്പിലൂടെ ആയിരിക്കും. യു.കെ.ജി മുതല്‍ അഞ്ചാം ക്ലാസ് വരെ വെയ്റ്റിംഗ് ലിസ്റ്റ് തയാറാക്കും. ആറു മുതല്‍ 12 വരെ ക്ലാസുകളില്‍ അര്‍ഹരായ അപേക്ഷകര്‍ക്ക് അഡ്മിഷന്‍ ടെസ്റ്റ് നടത്തി മെറിറ്റ് ലിസ്റ്റ് തയാറാക്കിയായിരിക്കും പ്രവേശനം.
എല്ലാ ക്ലാസുകളിലും 40 ശതമാനം സീറ്റുകള്‍ സ്‌കൂളില്‍ അധ്യയനം തുടരുന്ന കുട്ടികളുടെ സഹോദരങ്ങള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. ബാക്കി 60ശതമാനം സീറ്റുകളാണ് പുതിയ അപേക്ഷകര്‍ക്ക് നല്‍കുകയെന്ന് സര്‍ക്കുലറില്‍ പറയുന്നു.
ജനുവരി 15 മുതല്‍ 27 വരെ സ്‌കൂള്‍ വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. നേരത്തെ പ്രവേശനത്തിനു ശ്രമിച്ചവരും പുതിയ അധ്യയന വര്‍ത്തേക്ക് അപേക്ഷ നല്‍കണം. എല്‍.കെ.ജി ക്ലാസുകളിലേക്ക് അപേക്ഷിക്കുന്ന കുട്ടികള്‍ക്ക് 2019 ഏപ്രില്‍ ഒന്നിന് മൂന്ന് വയസ്സും ആറ് മാസവും പൂര്‍ത്തിയായിരിക്കണം. ഇതു പാലിക്കാത്ത അപേക്ഷകള്‍ പരിശോധനയില്‍ ഒഴിവാക്കും. ഒന്നില്‍ കൂടുതല്‍ അപേക്ഷ നല്‍കിയാല്‍ അസാധുവായി കണക്കാക്കും. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് റഫറന്‍സ് നമ്പര്‍ ലഭിക്കും. ഈ നമ്പറുകളില്‍നിന്നാണ് നറുക്കെടുപ്പ് നടത്തുക. എല്‍.കെ.ജി മുതല്‍ മൂന്നാം ക്ലാസുവരെ മക്കയില്‍ താമസിക്കുന്ന കുട്ടികളുടെ അപേക്ഷകള്‍ സ്വീകരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും സ്‌കൂള്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.