ജിദ്ദ - സൗദി അറേബ്യയിൽ 35 വർഷത്തിനിടെ ഏതാണ്ട് 1600 ജനനേന്ദ്രിയ വൈകല്യ ശസ്ത്രക്രിയകൾ നടന്നതായി ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിലെ ജെൻഡർ ഐഡന്റിഫിക്കേഷൻ ആന്റ് കറക്ഷണൽ സെന്റർ മുൻ മേധാവി ഡോ. യാസിർ ജമാൽ പറഞ്ഞു. 93 ശതമാനം ജനനേന്ദ്രിയ വൈകല്യ ശസ്ത്രക്രിയകളും കുട്ടികളിലാണ് നടന്നതെന്ന് പ്രശസ്ത പീഡിയാട്രിക്, കോസ്‌മെറ്റിക് സർജൻ കൂടിയായ ഡോ. യാസിർ ജമാൽ വ്യക്തമാക്കി.
ശസ്ത്രക്രിയക്ക് വിധേയരായവരിൽ മുതിർന്നവർ ഏഴു ശതമാനം മാത്രമാണ്. ഇവരിൽ സ്ത്രീകളാണ് മുൻപന്തിയിൽ.
സൗദിയിൽ ലിംഗ മാറ്റ ശസ്ത്രക്രിയ സെന്ററുകൾ പ്രവർത്തിക്കുന്നില്ലെന്നും ലിംഗമാറ്റവും ജനനേന്ദ്രിയ വൈകല്യ ശസ്ത്രക്രിയയും തമ്മിൽ വലിയ അന്തരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതേ കുറിച്ച് സമൂഹത്തിൽ കൂടുതൽ ബോധവൽക്കരണ ശ്രമങ്ങൾ നടക്കേണ്ടതുണ്ട്. ജനനേന്ദ്രിയ വൈകല്യമുള്ള വ്യക്തികൾ ട്രാൻസ്‌ജെൻഡറുകളല്ലെന്നതും സമൂഹത്തിൽ അധികപേർക്കും അറിയില്ല. സ്ത്രീ പുരുഷനായും തിരിച്ചും മാറുന്നതാണ് ലിംഗമാറ്റ ശസ്ത്രക്രിയ. ഇത് ഇസ്‌ലാമിക ദൃഷ്ട്യാ കുറ്റകരമാണ്. എന്നാൽ ചെറിയ വൈകല്യങ്ങൾ പരിഹരിക്കുന്നത് അനുവദനീയമാണെന്നതാണ് മതവിധി.
ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായ ചില വ്യക്തികൾ പിൽക്കാലത്ത് മാനസിക രോഗത്തിന് അടിമപ്പെടുന്നതായി പഠനത്തിൽ തെളിഞ്ഞിട്ടുണ്ടെന്നും ഡോ. ജമാൽ പറഞ്ഞു. വ്യക്തിത്വം നഷ്ടപ്പെട്ട് മറ്റൊരാളായി ജീവിക്കേണ്ടിവരുന്നത് കാരണം ചിലർ ജീവിതം അവസാനിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ജനനേന്ദ്രിയ വൈകല്യ ചികിത്സാരംഗത്തുണ്ടായ അനുഭവങ്ങൽ അദ്ദേഹം പങ്കുവെച്ചു. 80 വയസ്സുകാരനായ ഒരാൾ 70 വയസ്സുള്ള സഹോദരിക്ക് ജനനേന്ദ്രിയ വൈകല്യമുണ്ടെന്നും ചികിത്സിക്കണമെന്നും പറഞ്ഞ് സമീപിച്ചു. പിതൃസഹോദരിയിൽ പുരുഷ ലക്ഷണമാണ് കൂടുതലുള്ളതെന്ന അദ്ദേഹത്തിന്റെ മകളുടെ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് എന്നെ സമീപിച്ചത്. വർഷങ്ങൾക്ക് മുമ്പേ വിവാഹിതയായ സഹോദരിയുടെ 80 വയസ്സുകാരനായ ഭർത്താവിനും ഇതിൽ പരാതിയില്ലെന്ന് കണ്ടതോടെ ശസ്ത്രക്രിയക്കുള്ള തയാറെടുപ്പുകൾ നടത്തി. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞാലുണ്ടാകുന്ന ചില പ്രശ്‌നങ്ങൾ ഓർത്തിട്ടാകണം ഇരുവരും പിന്നീട് ക്ലിനിക്കിലേക്ക് മടങ്ങിവന്നില്ല. അനന്തരാവകാശ നിയമത്തിൽ പുരുഷനായി മാറുന്നതോടെ സഹോദരിക്ക് കൂടുതൽ സ്വത്ത് നൽകേണ്ടിവരുമെന്ന ആധിയായിരിക്കും അവരെ പിന്തിരിപ്പിച്ചത് ഡോ. യാസിർ ജമാൽ പറഞ്ഞു.
ജനനേന്ദ്രിയ വൈകല്യം പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയക്ക് വിധേയരാകുന്നതിന് മുമ്പ് ശാരീരിക പരിശോധനയും തുടർന്ന് മാനസിക പരിശോധനയും നിർബന്ധമാണെന്ന് പ്രമുഖ മനഃശാസ്ത്രവിദഗ്ധനും കൗൺസിലറുമായ ഹാനി അൽഗാംദി പറഞ്ഞു.
പുരുഷ പ്രകൃതിയുള്ള വ്യക്തി ജീവിതാന്ത്യം വരെ സ്ത്രീയായി ജീവിക്കാൻ വിധിക്കപ്പെടേണ്ടിവരുന്ന ദുരവസ്ഥ ഒഴിവാക്കുന്നത് ഒരിക്കലും കുറ്റകരമല്ല. എന്നാൽ പുരുഷന്മാരുടെ പെരുമാറ്റ രീതികൾ പിന്തുടരുന്ന സ്ത്രീകളിലും സ്ത്രീകളുടെ സവിശേഷതകളുള്ള പുരുഷന്മാരിലും ഭൂരിപക്ഷം പേർക്കും മാനസിക ചികിത്സ മാത്രം നൽകിയാൽ സ്വഭാവ വൈകല്യം മാറുമെന്നും ഹാനി അൽഗാംദി പറഞ്ഞു.