കൊച്ചി - പ്രവാസികളുടെ പണം കൂട്ടായി നിക്ഷേപിക്കുന്ന സംവിധാനം ഒരുക്കാനും നിക്ഷേപിക്കുന്ന പണത്തിന് നഷ്ടം സംഭവിക്കാതെ സർക്കാർ ഗ്യാരണ്ടി നിൽക്കുന്ന വിധത്തിലുള്ള സംവിധാനം ഉറപ്പാക്കാനും പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ബാങ്കിൽ നിക്ഷേപിച്ച് പലിശ വാങ്ങുന്നതുപോലെ സുരക്ഷിതമായി പണം നിക്ഷേപിക്കാനുള്ള പദ്ധതിയാണ് സർക്കാർ ഒരുക്കുക. ഇതിലൂടെ നാടിന്റെ വികസനവും കൂടുതൽ തൊഴിലവസരവും ഉറപ്പാക്കാനും സർക്കാരിന് കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളം താജിൽ വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിച്ച ഗ്ലോബൽ എൻവിറോൺമെന്റ് പ്രൊട്ടക്ഷൻ പ്രൊജക്റ്റ് അവാർഡുകൾ വിതരണം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിന്റെ വികസന കാര്യങ്ങളിൽ പ്രവാസികൾക്ക് വലിയ പങ്കുണ്ട്. അവരുടെ വിജ്ഞാനവും മികവും കേരള വികസനത്തിന് ഉപയോഗിക്കാനാവണം. ഇതിന്റെ ഭാഗമായാണ് പ്രവാസികൾക്ക് പ്രാതിനിധ്യ സ്വഭാവമുള്ള വേദിയായ ലോക കേരള സഭ രൂപം നൽകിയത്. പ്രവാസികളുടെ മികവ് കേരള വികസനത്തിന് ഉപയോഗിക്കുന്നതിന്റെ ഭാഗമായി ആശയ വിനിമയം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഏതെങ്കിലും രംഗത്ത് പ്രാവീണ്യമുള്ളവർ വികസന രംഗത്ത് അവരുടെ അഭിപ്രായം സർക്കാരിനെ അറിയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈക്കത്ത് 25 വീടുകൾ നിർമ്മിച്ചു നൽകുമെന്ന് മലയാളി കൗൺസിൽ പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു. നവകേരള മിഷൻ കോ ഓഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, നോർക്ക- റൂട്ട്‌സ് റെസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ തുടങ്ങിയവർ പങ്കെടുത്തു.