തിരുവനന്തപുരം- ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തില്ലെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. സമരത്തിന് പിന്നില്‍ മലപ്പുറത്തുകാരാണെന്നും മന്ത്രി ആക്ഷേപിച്ചു. ഖനനം നിര്‍ത്തി സമരക്കാരുമായി ചര്‍ച്ചയില്ലെന്ന് മന്ത്രി പറഞ്ഞു. ഖനനം നിര്‍ത്തിയാല്‍ പിന്നെ അത് തുടങ്ങാനാകില്ല. തീരം സംരക്ഷിക്കാന്‍ കടല്‍ഭിത്തിയുണ്ട്. ഖനനം നടത്തുന്ന ഇന്ത്യന്‍ റെയര്‍ എര്‍ത്‌സ് ലിമിറ്റഡിനെതിരെ (ഐ.ആര്‍.ഇ) മുമ്പ് ഒരു പരാതിയും ഉയര്‍ന്നിട്ടില്ല.
ഐ.ആര്‍.ഇയും കെ.എം.എം.എല്ലും ഒരിക്കലും പൂട്ടില്ല. കെ.എം.എം.എല്‍ എം.ഡിയുടെ റിപ്പോര്‍ട്ടില്‍ ആലപ്പാട് പ്രശ്‌നമുള്ളതായി പരാമര്‍ശമില്ല. ഖനനത്തില്‍ പ്രശ്‌നമുണ്ടെങ്കില്‍ അത് പരിഹരിക്കുമെന്നും ജനങ്ങളുടെ സഹകരണത്തോടെയാണ് ഖനനമെന്നും വ്യവസായ മന്ത്രി പറഞ്ഞു. സമരക്കാര്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ കേള്‍ക്കും. കരിമണല്‍ കൊള്ളക്കാര്‍ക്കുവേണ്ടി പൊതുമേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ഇ.പി ജയരാജന്‍ ആരോപിച്ചു. മണല്‍ക്കടത്തുകാര്‍ സമരത്തിന് പിന്നിലുണ്ടോ എന്ന് പരിശോധിക്കും- മന്ത്രി പറഞ്ഞു.
അതിനിടെ, ഖനനം നിര്‍ത്തി ആലപ്പാട് വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് സി.ആര്‍ മഹേഷ് നിരാഹാരം ആരംഭിച്ചു. ഖനന സമരം ഏറ്റെടുക്കാനുള്ള പദ്ധതിയുമായി കോണ്‍ഗ്രസ് രംഗത്തെത്തിയെങ്കിലും ഒരു പാര്‍ട്ടിയെയും സമരം ഹൈജാക്ക് ചെയ്യാന്‍ സമ്മതിക്കില്ലെന്നാണ് സമര സമിതി നേതൃത്വം വ്യക്തമാക്കി.