കൊച്ചി- എറണാകുളം കോലഞ്ചേരി പഴന്തോട്ടം പള്ളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്സ് വിഭാഗങ്ങളില്‍ തമ്മിലുള്ള തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരം. ഓര്‍ത്തഡോക്സ് വിഭാഗത്തിന് പുതിയ പള്ളിയിലും യാക്കോബായ വിഭാഗത്തിന് പഴയ പള്ളിയിലും ആരാധന നടത്താം. ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ യാക്കോബായ സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ പള്ളിക്ക് പുറത്ത് നടത്തിയിരുന്ന ഉപവാസം അവസാനിപ്പിച്ചു. യാക്കോബായ വിഭാഗത്തിന്റെ കൈവശമുള്ള പഴന്തോട്ടം സെന്റ് മേരീസ് പള്ളിയില്‍ സുപ്രിംകോടതി വിധി മുന്‍നിര്‍ത്തിയാണ് ഓര്‍ത്തഡോക്സ് വിഭാഗം കഴിഞ്ഞ ദിവസം രാവിലെ പൂട്ടുപൊളിച്ച് കയറിയത്. ഓര്‍ത്തഡോക്സ് വികാരി മത്തായി ഇടനാലിന്റെ നേതൃത്വത്തില്‍ ഇവര്‍ പള്ളിയില്‍ പ്രര്‍ഥനയും നടത്തി.
തുടര്‍ന്ന് യാക്കോബായ വിഭാഗം പള്ളിക്ക് മുന്നില്‍ പ്രതിഷേധവുമായെത്തി. കഴിഞ്ഞ ദിവസം അന്തരിച്ച യാക്കോബായ സഭാംഗത്തിന്റെ മൃതദേഹം സംസ്‌കാരശുശ്രൂഷകള്‍ക്കായി പള്ളിയില്‍ കയറ്റാന്‍ അനുവദിക്കണമെന്ന് യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു. ജില്ലാ ഭരണകൂടത്തിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ഇക്കാര്യം ഓര്‍ത്തഡോക്സ് വിഭാഗം അംഗീകരിച്ചു. എന്നാല്‍, സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ് ആളുകള്‍ പുറത്തെത്തിയതോടെ യാക്കോബായ സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ പള്ളിക്ക് മുന്നില്‍ ഉപവാസം ആരംഭിക്കുകയായിരുന്നു. പള്ളിക്കുള്ളിലുള്ള ഓര്‍ത്തഡോക്സ് വിഭാഗത്തെ പുറത്തിറക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപവാസം. എന്നാല്‍, അവകാശപ്പെട്ട പള്ളിയില്‍നിന്നും ഇറങ്ങില്ലെന്നായിരുന്നു ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ നിലപാട്. തുടര്‍ന്നാണ് പ്രശ്നത്തില്‍ ആര്‍.ഡി.ഒ ഇടപെട്ടത്.