റിയാദ് - ഇഖാമ (ഹവിയ്യതു മുഖീം) പുതുക്കുന്നതിന് തുടർച്ചയായി മൂന്നു തവണ കാലതാമസം വരുത്തിയാൽ വിദേശികളെ നാടുകടത്തുമെന്ന് റിയാദ് പ്രവിശ്യ ജവാസാത്ത് ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് അൽഹബാസ് പറഞ്ഞു. പുതിയ ഇഖാമ നേടുന്നതിനും ഇഖാമ പുതുക്കുന്നതിനും കാലതാമസം വരുത്താൻ ഇഖാമ, തൊഴിൽ നിയമം അനുവദിക്കുന്നില്ല.
ഇഖാമ നേടുന്നതിനും പുതുക്കുന്നതിനും കാലതാമസം വരുത്തുന്നവർക്ക് ആദ്യ തവണ 500 റിയാൽ പിഴ ചുമത്തും. രണ്ടാം തവണ ആയിരം റിയാൽ പിഴയാണ് ചുമത്തുക. മൂന്നാം തവണ നാടുകടത്തും. കാലാവധി തീർന്ന ഇഖാമ ഉപയോഗിച്ച് യാത്ര ചെയ്യുന്നതിനും ജോലിയിലേർപ്പെടുന്നതിനും വിദേശികളെ നിയമം അനുവദിക്കുന്നില്ല. ജവാസാത്ത് ഡയറക്ടറേറ്റിനെ നേരിട്ട് സമീപിക്കാതെ സേവനങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കുന്നതിന് ഓൺലൈൻ സേവനങ്ങൾ ഉപയോക്താക്കളെ സഹായിക്കുന്നതായും ബ്രിഗേഡിയർ മുഹമ്മദ് അൽഹബാസ് പറഞ്ഞു.