അബുദാബി- യുഎഇയില്‍ മസ്തിഷ്‌ക മരണത്തിന്നിരയായവരുടെ അവയവം സ്വീകരിക്കുന്നതിന് പുതിയ നിയമങ്ങള്‍ നിലവില്‍ വന്നു. അവയവദാന സംബന്ധമായി ആരോഗ്യ മന്ത്രാലയം പുതിയ ഉത്തരവും നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. പുതിയ നിയമങ്ങള്‍ പ്രകാരം, അവയവദാതാവ് ഏതെങ്കിലും രീതിയില്‍ തലച്ചോറിന് ക്ഷതം സംഭവിച്ച ആളായിരിക്കണം. അവയവ ദാതാവിന് തുടര്‍ജീവിതം സാധ്യമല്ലെന്ന് ദേശീയ അവയവദാന കമ്മറ്റിയും കുടുംബവും സാക്ഷ്യപ്പെടുത്തണം.
പുതിയ നിയമപ്രകാരം, മൂന്ന് ഡോക്ടര്‍മാരെങ്കിലും രോഗിയെ പരിശോധിച്ച ശേഷം മസ്തിഷ്‌ക മരണം സാക്ഷ്യപ്പെടുത്തണം. അവയവ ദാതാവിനെ തിരിച്ചറിഞ്ഞാല്‍ ആരോഗ്യ മന്ത്രാലയത്തെ അറിയിക്കണം.
അവയവക്കൈമാറ്റം നടത്തുന്നതിന് മുമ്പ്, മസ്തിഷ്‌ക മരണം ഉറപ്പു വരുത്തണമെന്നും എല്ലാ നിബന്ധനകളും പാലിക്കണമെന്നും ആശുപത്രികളോട് ദുബായ് ഹെല്‍ത്ത് കെയര്‍ സിറ്റി അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ അതോറിറ്റി നടപടിയെടുക്കുകയും പിഴ ചുമത്തുകയും ചെയ്യും. 2016 ലാണ് യുഎഇയില്‍ ആദ്യത്തെ വൃക്കമാറ്റ ശസ്ത്രക്രിയ നടന്നത്. ദുബായില്‍ ആണ് ശസ്ത്രക്രിയ നടന്നത്. ഈ അവയവമാറ്റത്തിന് ശേഷം, കൂടുതല്‍ പേര് അവയവങ്ങള്‍ സ്വീകരിക്കാനായി ആശുപത്രികളെ സമീപിക്കുന്നുണ്ട്.
പുതിയ നിയമം അവയവദാനം കൂടുതല്‍ സുതാര്യമാക്കുമെന്നും കൂടുതല്‍ പേരെ അവയവ ദാനത്തിന് സന്നദ്ധരാക്കുമെന്നും ദുബായ് ഹെല്‍ത്ത് കെയര്‍ സിറ്റി അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉമര്‍ ഔമേയിഷ് പറഞ്ഞു.