കോഴിക്കോട്- ആലപ്പാട്ട് തീരം ഇടിയുന്ന തരത്തില്‍ ഖനനം അനുവദിക്കില്ലെന്നും സമരക്കാരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ. വ്യവസായ മന്ത്രി സമരക്കാരുമായി ചര്‍ച്ച നടത്തുമെന്നും അവര്‍ പറഞ്ഞു. കരിമണല്‍ ഖനനം വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണെന്നും അവര്‍ ഉന്നയിച്ച പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
അശാസ്ത്രീയ ഖനനം പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. പുലിമുട്ട് കെട്ടാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. കരയിടിയാതെ ഖനനം നടത്തണമെന്ന് നേരത്തെ നിയമസഭ പരിസ്ഥിതി കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണ്. ഇത് പൂര്‍ണമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.
കരിമണല്‍ ഖനനത്തെ തുടര്‍ന്ന് ഗുരുതര പ്രശ്‌നങ്ങള്‍ നേരിടുന്ന ആലപ്പാടിനെ കുറിച്ചുള്ള നിയമസഭാ സമിത റിപ്പോര്‍ട്ട് അവഗണിക്കപ്പെടുകയായിരുന്നു. ഖനനത്തില്‍ ഏര്‍പ്പെട്ട ഇന്ത്യന്‍ റയര്‍ എര്‍ത്തും കേരള മിനറല്‍സ് ആന്റ് മെറ്റല്‍സും വീഴ്ചകള്‍ വരുത്തിയെന്നാണ് നിയസഭാ സമിതിയുടെ റിപ്പോര്‍ട്ട്.