Sorry, you need to enable JavaScript to visit this website.

മാസപ്പിറവി കടലോരത്ത്,  പ്രഖ്യാപനം പാണക്കാട്ട്

പടിഞ്ഞാറൻ ചക്രവാളത്തിൽ അന്തിച്ചുവപ്പിനിടയിലൂടെ റമദാൻ പിറയുടെ വെളളിവര കോറിയതോടെ ലോക മുസ്ലിംങ്ങൾക്ക് പരിശുദ്ധ റമദാന്റെ പുണ്യരാപ്പകലുകളായി. എന്നാൽ റമദാൻ പിറയുടെ അന്തിമ പ്രഖ്യാപനം ഇന്നും പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽനിന്ന് എത്തണം. അതാണ് കേരളീയ മുസ്ലിംങ്ങളുടെ എന്നത്തേയും അവസാന വാക്ക്. മറ്റു മാസപ്പിറവികളിൽനിന്ന് റമദാൻ മാസപ്പിറവി വ്യത്യസ്തമാവുന്നതും അതുകൊണ്ടാണ്. പരിശുദ്ധ റമദാന്റെയും, പെരുന്നാളിന്റെയും മാസപ്പിറവി ദർശിച്ചത് അറിയിക്കാനെത്തുന്നവരിൽനിന്ന് തുടങ്ങി പിതാവ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ കൂടെയുളള നാളുകൾ വരെയുളള നോമ്പോർമ്മകളുടെ നിർവൃതിയിലേക്ക് ഇളയ മകൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നടന്നുകയറി.
മാസപ്പിറവി ഉറപ്പിക്കുന്നത് കാതോർത്ത് പാണക്കാട്ടേക്ക് ഒഴുകുന്ന ഭക്തജനങ്ങളിൽനിന്ന് തുടങ്ങുന്നതാണ് റമദാനിലെ ആദ്യ കാഴ്ച. മഹല്ല് ഖത്വീബുമാരും, പണ്ഡിതന്മാരും, വിശ്വാസികളുമായി റമദാൻ മാസപ്പിറവി കാണുമെന്ന് പ്രതീക്ഷയുളള രാവിൽ പാണക്കട്ടെത്തും. മാസപ്പിറവി കണ്ടവർ വിശ്വസനീയമായ ഖാസിമാരിൽ നിന്ന് വിവരം ലഭിച്ചാൽ പിന്നീട് പ്രഖ്യാപനമാണ്. ഇനി വിശ്വസനീയമല്ലെന്ന് കണ്ടാൽ മാസപ്പിറവി കണ്ടയാളെ പാണക്കാട്ടേക്ക് എത്തിച്ച് സത്യം ചെയ്യിപ്പിക്കും. പിതാവിനും പണ്ഡിതന്മാർക്കും ബോധ്യമായാൽ മാസപ്പിറവി ഉറപ്പിച്ചതായി പ്രഖ്യാപിക്കും. ആ രാത്രി മുതലുളള റമദാൻ ആനന്ദം പറഞ്ഞറിയിക്കാനാവാത്തതാണ്. മാസപ്പിറവി കണ്ടത് മറ്റു മഹല്ലുകാരേയും ദേശക്കാരേയും അറിയിക്കാനുളള ഓട്ടമാണ് പിന്നീട്. കത്തുമായി പോകുന്നവർ, ഫോണിൽ വിളിച്ചറിയിക്കുന്നവർ. നോമ്പായാലും പെരുന്നാളായാലും വന്നെത്തുവരാൽ പാണക്കാട് തറവാട്ടിൽ തിരക്കോട് തിരക്കാണ്. ചെറുപ്പത്തിൽ ഇവയൊക്കെ കൗതുകത്തോടെയാണ് കണ്ടിരുന്നത്.
പാണക്കാട് തറവാട്ടിലെ എല്ലാവരും തിരക്കൊഴിഞ്ഞു ഒരുമിച്ചു കൂടുന്നതു റമദാൻ മാസത്തിലാണ്. ഒരു ദിവസം എല്ലാവരും ഒരുമിച്ചു കൂടും. അവിസ്മരണീയമായ അനുഭവമാണു കുട്ടിക്കാലത്തെ ഈ ഇഫ്താർ സംഗമം സമ്മാനിച്ചിരുന്നത്. എല്ലാവരും ഒരു മേശയ്ക്കു ചുറ്റുമിരുന്നു നോമ്പു തുറക്കുമ്പോൾ വല്ലാത്തൊരു നിർവൃതിയായിരുന്നു. പത്താം നോമ്പിനായിരുന്നു തറവാട്ടിൽ നോമ്പുതുറ നടക്കാറ്. തീൻമേശയിൽ നിറഞ്ഞുനിൽക്കുന്ന വിഭവങ്ങളിലെല്ലാം ഉമ്മയുടെ കൈപ്പുണ്യത്തിന്റെ സ്‌നേഹരുചി മാത്രമായിരുന്നു. കൊയിലാണ്ടി സ്വദേശിയായ ഉമ്മയ്ക്കു പ്രത്യേക പാചക നൈപുണ്യമുണ്ടായിരുന്നു. കോഴിയടയും ഉന്നക്കായും കായക്കറിയുമായി എത്രയെത്ര വിഭവങ്ങളാണ് ഉമ്മ ഉണ്ടാക്കിയിരുന്നത്. കണ്ണൂരിലേയും കൊയിലാണ്ടിയിലേയും രുചിമധുരങ്ങളൊക്കെ അവിടെ എത്തുന്ന അതിഥികൾക്കു കൂടി എത്തിക്കുക എന്നത് ഉമ്മയുടെ നിർബന്ധമായിരുന്നു. പത്തിരിയും ഇറച്ചിക്കറിയുമായിരുന്നു കുട്ടിക്കാലത്തെ നോമ്പ് വിഭവങ്ങളിൽ പ്രധാനം.
നോമ്പിന്റെ ആദ്യവിളി കേൾക്കുന്നതും നോമ്പിന്റെ വിശപ്പ് ആദ്യമറിയുന്നതും സ്‌കൂൾ കാലത്താണ്. തറവാട്ടിൽ ഉപ്പ ചൊല്ലിത്തരുന്ന നിയ്യത്ത് നവയ്ത്തു...സൗമ.... ഏറ്റുചൊല്ലി എടുക്കുന്ന നോമ്പിന് ഇന്നത്തേക്കാളേറെ ആനന്ദവും ആത്മീയതയും അനുഭവപ്പെട്ടിരുന്നു. വിശപ്പിന്റെ വേവലാതി അന്നാണ് ആദ്യമായിട്ടറിഞ്ഞത്. ഭക്ഷണം കഴിക്കാനില്ലാത്തവർ എങ്ങനെയാണു ജീവിതം തള്ളിനീക്കുന്നതെന്നു മനസിലാക്കിത്തരുകയായിരുന്നു. ചെറുപ്രായത്തിൽ തന്നെ നോമ്പെടുത്ത് ശീലിപ്പിക്കുമായിരുന്നു. നോമ്പ് നോറ്റ് പിതാവിനൊപ്പം പളളിയിലേക്കും തിരിച്ചുമുള്ള വരവിൽ വലിയ ആനന്ദമാണ് അനുഭവപ്പെട്ടിരുന്നത്. വളാഞ്ചേരി മർക്കസിൽ ഹോസ്റ്റലിൽ നിന്നായിരുന്നു സ്‌കൂൾ പഠനം. എസ്.എസ്.എസ്.എൽ.സി പരീക്ഷ നോമ്പെടുത്ത് എഴുതിയത് ഇന്നും ഓർമ്മയിലുണ്ട്. ഫറോക്ക് കോളേജിൽ പഠിക്കുമ്പോഴും നോമ്പിന് ഉപ്പ കാണാനെത്തും. ഉമ്മ നോമ്പിനുണ്ടാക്കുന്ന വിഭവവുമായിട്ടാവും ഉപ്പയുടെ വരവ്. പിന്നെ കൂട്ടുകാരുമായി പങ്കിട്ട് തിന്നും. 
ഓരോ റമദാനും വാപ്പയെയും ഉമ്മയെയും സ്മരിക്കാതെ കടന്നുപോകാനാകില്ല. റമദാൻ വാപ്പാക്കു വല്ലാത്തൊരു സന്തോഷത്തിന്റെ കാലമായിരുന്നു. മക്കളായ ഞങ്ങൾക്ക് വാപ്പയെ അൽപം തിരക്കൊഴിഞ്ഞു കിട്ടുന്ന കാലമായിരുന്നു റമദാൻ. നോമ്പ് പിടിപ്പിക്കാനും തുറപ്പിക്കാനും വാപ്പാക്കു വല്ലാത്ത ഇഷ്ടമായിരുന്നു. അത്താഴത്തിന് വാപ്പയ്ക്കു ഇഷ്ടപ്പെട്ട പച്ചക്കായക്കറിയും മുരിങ്ങയിലക്കറിയും ഉണ്ടാകും. വാപ്പയുടെ നേതൃത്വത്തിൽ കേരളത്തിലെ മുസ്‌ലിം സംഘടന നേതാക്കളെയും സഹോദര സമുദായ നേതാക്കളെയും ഓരേ മേശക്ക് ചുറ്റുമിരുത്തി ഇഫ്താർ സംഗമം നടത്തുമായിരുന്നു. എല്ലാവരും ഒന്നിച്ചിരുന്ന് സൗഹൃദം പങ്കിടുന്ന ഒരു വേദിയായിരുന്നു അത്. ബാപ്പക്ക് ശേഷം വന്ദ്യനായ പിതൃവ്യൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ഇതേ പാത സ്വീകരിച്ചുവരുന്നു.
1999 മുതലാണ് ഉപരിപഠനാർത്ഥം മലേഷ്യയിലെ ഇന്റർ നാഷണൽ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലെത്തുന്നത്. പ്രാദേശിക താൽപര്യങ്ങൾക്കപ്പുറം ഒരു ആഗോള പൗരനായി ജീവിക്കാൻ കഴിഞ്ഞതിലെ ചാരിതാർത്ഥ്യം ഇന്നുമുണ്ട്. പലതരം ഭാഷകൾ, ആഘോഷങ്ങൾ, സംസ്‌കാരം, ജീവിതങ്ങൾ മലേഷ്യയിൽ വെച്ചുകാണാനിടയായി. മലേഷ്യയിൽ 55 ശതമാനത്തിലേറെയും മുസ്ലിംങ്ങളാണ്. ആയതിനാൽ രാജ്യം മുഴുവൻ റമദാനിലേക്ക് ലയിക്കുന്നു. റമദാനെ അവർ ഹൃദ്യപൂർവ്വം സ്വീകരിക്കുകയും ബഹുമാനിക്കുകയും പരിപൂർണമായി ഉൾക്കൊളളുകയും ചെയ്യുന്നു. റമാദാന് മുമ്പ് തന്നെ വീടുകളും പളളികളും തെരുവുകളും നഗരങ്ങളും അവർ വർണാഭമായി അലങ്കരിക്കും. രാജ്യത്തെ മുഫ്തി റമദാൻ പിറ കാണുന്നത് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ തെരുവുകളിൽ വിളംബര ജാഥകൾ നടക്കാറുണ്ട്. ഏഴുതവണ തുടർച്ചയായി ദഫ് മുട്ടിയാണ് ഇവരുടെ ഒരുരീതി. ഏതു നാട്ടിലായാലും നോമ്പിന്റെ യഥാർത്ഥ സന്ദേശം വിശ്വാസികൾ മറ്റുളളവരിൽ എത്തിക്കുമ്പോഴാണ് നോമ്പ് പൂർണമാകുന്നത്.
 

Latest News