കണ്ണൂർ - ശിക്ഷാ കാലാവധി തികയാതെ 209 തടവുകാരെ വിട്ടയച്ച 2011ലെ ഇടതു സർക്കാർ തീരുമാനം കേരള ഹൈക്കോടതി റദ്ദു ചെയ്യുകയും ബാക്കിയുള്ള ശിക്ഷാ കാലം അനുഭവിക്കണമെന്ന് ഉത്തരവിടുകയും ചെയ്ത സംഭവം കണ്ണൂർ രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്കു വഴിവെക്കുമെന്ന് സൂചന.
ഏറെ കോളിളക്കം സൃഷ്ടിച്ച കെ.ടി.ജയകൃഷ്ണൻ മാസ്റ്റർ വധക്കേസിലെ മുഖ്യപ്രതി അച്ചാരുപറമ്പത്ത് പ്രദീപൻ അടക്കം 45 പേരെയാണ് ഈ കാലത്ത് കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു മാത്രം വിട്ടയച്ചത്. ഇത് രാഷ്ട്രീയപ്രേരിതമാണെന്ന് അന്നു തന്നെ ആരോപണം ഉയർന്നിരുന്നു. പൊതു തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്ന ഈ കാലത്ത് ഹൈക്കോടതി വിധി രാഷ്ട്രീയ ആയുധവുമാവും.
ഗാന്ധിജിയുടെ 150 -ാം ജന്മ വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ പദ്ധതി പ്രകാരമാണ് വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള അന്നത്തെ ഇടതു സർക്കാർ 209 തടവുകാരെ മോചിപ്പിക്കാൻ തീരുമാനിച്ചത്. ഇതിൽ ജയകൃഷ്ണൻ മാസ്റ്റർ വധക്കേസിലെ ഒന്നാം പ്രതി എ.പ്രദീപൻ ഉൾപ്പെട്ടതായിരുന്നു വിവാദം. ഈ കേസിൽ കീഴ് കോടതി വധശിക്ഷയാണ് പ്രതികൾക്കു വിധിച്ചിരുന്നത്. ഇതിൽ പ്രദീപന്റെ ജീവപര്യന്തം ശിക്ഷ മാത്രമാണ് മേൽകോടതി ശരിവെച്ചത്. മറ്റു പ്രതികളെ വെറുതെ വിടുകയായിരുന്നു. പത്തു വർഷം മാത്രം തടവ് പൂർത്തിയായ കാലയളവിലാണ് പ്രദീപനെ വെറുതെ വിട്ടത്. കൊലക്കേസുകളിൽ ഇരയുടെ അടുത്ത ബന്ധുക്കളുടെ അനുമതിയോടെ മാത്രമേ ശിക്ഷ ഇളവു നൽകാവൂ എന്ന ചട്ടം മറികടന്നാണ് പ്രദീപനെ വിട്ടയച്ചതെന്നും ആരോപണം ഉയർന്നിരുന്നു. മാത്രമല്ല, ജീവപര്യന്തം എന്നത് ജീവിതകാലം മുഴുവനുമുള്ള ശിക്ഷയാണെന്ന് സുപ്രിം കോടതി മറ്റൊരു കേസിൽ വിധി പ്രസ്താവിക്കുകയും ചെയ്തിരുന്നു.
ജയകൃഷ്ണൻ മാസ്റ്റർ വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ പിന്നീട് കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി കോടതിയുടെ പരിഗണനയിലാണ്. എന്നാൽ ഇതിനിടെ ജയകൃഷ്ണൻ മാസ്റ്റർ വധം നടന്ന മൊകേരി സ്‌കൂളിലെ ക്ലാസ് മുറി പൊളിച്ചു മാറ്റുകയും ചെയ്തു. കേസിലെ ഒന്നാം പ്രതിയായിരുന്ന അച്ചാരത്ത് പ്രദീപൻ, ജയിൽ മോചിതനായ ശേഷം ഈ സ്‌കൂളിലെ പി.ടി.എ പ്രസിഡന്റാകുകയും പിന്നീട് സ്‌കൂൾ വിപുലീകരണത്തിന്റെ പേരിൽ കൊല നടന്ന ക്ലാസ് മുറി പൊളിച്ചു മാറ്റുകയുമായിരുന്നു.
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വിട്ടയക്കപ്പെട്ട 45 പേരിൽ ഭൂരിഭാഗവും രാഷ്ട്രീയ കേസുകളിൽ ഉൾപ്പെട്ടവരാണ്. പതിനാല് വർഷ ശിക്ഷാ കാലാവധി പൂർത്തിയാക്കിയ പലർക്കും ഈ ആനുകൂല്യം ലഭിച്ചതുമില്ല. രാഷ്ട്രീയ സമ്മർദ്ദത്താൽ സർക്കാർ തയ്യാറാക്കിയ ലിസ്റ്റിനു ഉന്നത അധികാരികൾ അനുമതി നൽകുകയായിരുന്നു.
വിട്ടയക്കപ്പെട്ട 209 തടവുകാരിൽ എത്ര പേർ 14 വർഷം ശിക്ഷ പൂർത്തിയാക്കിയെന്ന് പരിശോധിച്ച് റിപ്പോർട്ടു നൽകാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. കണ്ണൂരിൽനിന്നും വിട്ടയക്കപ്പെട്ടവരിൽ ഭൂരിഭാഗവും ഈ കാലാവധി പൂർത്തിയാക്കാത്തവരാണ്. വിധി നടപ്പായാൽ ഇവർക്കു ശേഷിക്കുന്ന കാലയളവ് ശിക്ഷ അനുഭവിക്കേണ്ടി വരും. ഈ നടപടി വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലടക്കം പ്രചാരണ ആയുധമാവുകയും, കൂടുതൽ നിയമ നടപടികളിലേക്കു വലിച്ചിഴക്കപ്പെടുകയും ചെയ്യുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. മാത്രമല്ല, ഈ സംഭവത്തിൽ സർക്കാർ പ്രതിക്കൂട്ടിലാവുകയും ചെയ്യുന്നു. പുതുതായി തടവുകാരെ വിട്ടയക്കനാവുന്നില്ലെന്നു മാത്രമല്ല, നേരത്തെ വിട്ടയക്കപ്പെട്ടവർ വീണ്ടും ശിക്ഷ അനുഭവിക്കുന്നതിലേക്കു കൊണ്ടെത്തിക്കുകയും ചെയ്യുന്നുവെന്നത് ഭരണ കക്ഷിക്കു പുതിയ തലവേദന സൃഷ്ടിക്കും.