കൊണ്ടോട്ടി- കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്കുളള സർവീസ് വർധിപ്പിച്ച് സൗദി എയർലെൻസ്. ഫെബ്രുവരി അഞ്ചു മുതൽ രണ്ട് അധിക സർവീസുകൾ കൂടി ജിദ്ദയിലേക്ക് വിമാന കമ്പനി തുടങ്ങും. പതിവ് യാത്രക്കാർക്ക് പുറമെ ഹജ്, ഉംറ തീർഥാടകരെ കൂടി മുന്നിൽ കണ്ടാണ് സൗദി സെക്ടർ സജീവമാക്കുന്നത്.
ചൊവ്വ, വ്യാഴം ദിവസങ്ങളിലായിരിക്കും ജിദ്ദയിലേക്ക് സൗദി എയർലൈൻസ് അധിക സർവീസുണ്ടാവുക. ഇതോടെ ജിദ്ദയിലേക്ക് മാത്രം സൗദി എയർലെൻസിന്റെ സർവീസുകൾ ഏഴായി വർധിക്കും. വ്യാഴാഴ്ച രണ്ടു വിമാനങ്ങളായിരിക്കും ജിദ്ദയിലേക്ക് കരിപ്പൂരിൽ നിന്ന് പറക്കുക.
നിലവിൽ സൗദി എയർലെൻസ് അഞ്ച് സർവീസുകൾ ജിദ്ദയിലേക്കും, രണ്ടു സർവീസുകൾ റിയാദിലേക്കുമായി ഏഴു സർവീസുകൾ നടത്തുന്നുണ്ട്. ഇതിനു പുറമെയാണ് രണ്ടു സർവീസുകൾ കൂടി ജിദ്ദയിലേക്ക് വർധിപ്പിക്കുന്നത്. കഴിഞ്ഞ ഡിസംബർ അഞ്ച് മുതലാണ് കരിപ്പൂർ-സൗദി സെക്ടറിലേക്ക് വലിയ വിമാന സർവീസുകൾ സൗദി എയർലൈൻസ് ആരംഭിച്ചത്.
കരിപ്പൂരിൽ നിന്ന് ഫ്‌ളൈ ദുബൈ സർവീസുകൾ ഫെബ്രുവരി ഒന്നു മുതലാണ് കരിപ്പൂർ-ദുബായ് സെക്ടറിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ ആരംഭിക്കുന്നത്. ബി 737-800 ഇനത്തിൽ പെട്ട ബജറ്റ് വിമാനങ്ങളാണ് സർവീസിനായി എത്തിക്കുന്നത്. 188 യാത്രക്കാരെ ഉൾക്കൊളളുന്ന വിമാനങ്ങളാണ് കരിപ്പൂരിൽ നിന്ന് സർവീസ് നടത്തുക.