സകാക്ക - ബിനാമി ബിസിനസ് കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സൗദി പൗരനും തുർക്കി പൗരനും സകാക്ക ക്രിമിനൽ കോടതി ഒന്നര ലക്ഷം റിയാൽ പിഴ ചുമത്തി. അൽജൗഫ് പ്രവിശ്യയിലെ ദോമത്തുൽജന്ദലിൽ ബിനാമിയായി സ്വന്തം നിലക്ക് കോൺട്രാക്ടിംഗ് മേഖലയിൽ സ്ഥാപനം നടത്തിയ തുർക്കി പൗരൻ കരീം ഖൈറുദ്ദീൻ സാഗാ ലുതൈജി, ഇതിന് കൂട്ടുനിന്ന സൗദി പൗരൻ ഇബ്രാഹിം ബിൻ അലി ബിൻ സ്വാലിഹ് ദഖീലുല്ല അൽസഈദാൻ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ബിനാമി സ്ഥാപനം അടച്ചുപൂട്ടുന്നതിനും ലൈസൻസ് റദ്ദാക്കുന്നതിനും കോടതി ഉത്തരവിട്ടു.
സൗദി പൗരന്റെ പേരിലുള്ള കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിനും ഭാവിയിൽ ഇതേ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽ നിന്ന് സൗദി പൗരന് വിലക്കേർപ്പെടുത്തുന്നതിനും കോടതി വിധിച്ചു. ശിക്ഷ പൂർത്തിയാക്കിയ ശേഷം തുർക്കി പൗരനെ നാടുകടത്തുന്നതിനും പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുന്നതിനും കോടതി ഉത്തരവിട്ടു. സൗദി പൗരന്റെയും തുർക്കിയുടെയും പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകരുടെ സ്വന്തം ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യുന്നതിനും വിധിയുണ്ട്.
ദോമത്തുൽജന്ദലിൽ തുർക്കി പൗരൻ നടത്തുന്ന കോൺട്രാക്ടിംഗ് സ്ഥാപനം ബിനാമിയാണെന്ന് സംശയിക്കപ്പെടുന്നതായി വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് സ്ഥാപനത്തിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സ്ഥാപനം തുർക്കി പൗരൻ സ്വന്തം നിലക്ക് നടത്തുന്നതാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സൗദി പൗരനും തുർക്കിക്കും എതിരായ കേസ് നിയമ നടപടികൾക്ക് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് വാണിജ്യ, നിക്ഷേപ മന്ത്രാലയം കൈമാറുകയായിരുന്നു.
ബിനാമി ബിസിനസ് കേസ് പ്രതികൾക്ക് പത്തു ലക്ഷം റിയാൽ വരെ പിഴയും രണ്ടു വർഷം വരെ തടവു ശിക്ഷയുമാണ് ബിനാമി ബിസിനസ് വിരുദ്ധ നിയമം അനുശാസിക്കുന്നത്. ബിനാമി സ്ഥാപനങ്ങൾ നടത്തുന്ന വിദേശികൾക്കും അവർക്ക് ഒത്താശകൾ ചെയ്തുകൊടുക്കുന്ന സൗദികൾക്കും ഒരുപോലെ ശിക്ഷ ലഭിക്കും. നിയമ ലംഘകരായ വിദേശികളെ നാടുകടത്തുകയും ചെയ്യും. ബിനാമി ബിസിനസ് സ്ഥാപനങ്ങളെ കുറിച്ച് 1900 എന്ന നമ്പറിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിനു കീഴിലെ കംപ്ലയിന്റ്‌സ് സെന്ററിൽ ബന്ധപ്പെട്ട് അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. നിയമ ലംഘനങ്ങളെ കുറിച്ച് പരാതികൾ നൽകുന്നതിന് മന്ത്രാലയം ആപ്പും പുറത്തിറക്കിയിട്ടുണ്ട്.