റിയാദ്- ഫലസ്തീനിൽ ആഭ്യന്തര സംഘർഷം രൂക്ഷമാക്കുന്നതിനാണ് ഖത്തർ ശ്രമിക്കുന്നതെന്ന് ബഹ്‌റൈനിലെ സൗദി അംബാസഡർ ഡോ. അബ്ദുല്ല ആലുശൈഖ് കുറ്റപ്പെടുത്തി. ഫലസ്തീൻ ആഭ്യന്തര തർക്കത്തിൽ ഖത്തർ ഇടപെടുകയാണ്.
ഫലസ്തീൻ പ്രശ്‌നത്തിൽ നിഷേധാത്മക പങ്കാണ് ഖത്തർ വഹിക്കുന്നത്. ഫലസ്തീൻ പ്രശ്‌നം അവർ ദുരുപയോഗിക്കുന്നു. തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ഫലസ്തീൻ പ്രശ്‌നം ഖത്തർ പ്രയോജനപ്പെടുത്തുകയാണ്. ഫലസ്തീനികളെ സ്‌നേഹിച്ചല്ല ഖത്തർ ഹമാസിന് പിന്തുണയും സഹായവും നൽകുന്നത്. ഫലസ്തീനിലെ ചേരിതിരിവ് കാലാകാലവും നിലനിർത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണിത്.
ഫലസ്തീനിൽ ചേരിതിരിവ് രൂക്ഷമാക്കുന്നതിനും നീട്ടിക്കൊണ്ടുപോകുന്നതിനുമാണ് ഖത്തർ ശ്രമിക്കുന്നത്. ഖത്തറിന്റെ ഭാഗത്തു നിന്നുള്ള ഇത്തരം നടപടികളിൽ ആശ്ചര്യമില്ല. ഇരുപതു വർഷമായി മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഖത്തർ ഇടപെടുകയും ചേരിതിരിവുകൾ ശക്തമാക്കുന്നതിന് ശ്രമിക്കുകയും ചെയ്യുന്നു.
ഖത്തർ നടത്തുന്ന ഇടപെടലുകൾ ഫലസ്തീനിൽ ആഭ്യന്തര സംഘർഷത്തിനും ചേരിതിരിവിനും ഇടയാക്കുകയാണ്. ഇത് ഫലസ്തീൻ-ഇസ്രായിൽ സംഘർഷം പരിഹരിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം നടത്തുന്ന ശ്രമങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. ഇസ്രായിലുമായുള്ള നല്ല ബന്ധം മുതലെടുത്താണ്, ഫലസ്തീൻ അതോറിറ്റിക്കു പുറത്തുള്ള ചില ഫലസ്തീൻ കക്ഷികൾക്ക് ഖത്തർ ഗവൺമെന്റ് സഹായവും പിന്തുണയും നൽകുന്നത്.
മേഖലയിൽ ഭീകരവാദത്തെയും ഭീകര ഗ്രൂപ്പുകളെയും ഖത്തർ പിന്തുണക്കുന്നു. ഫലസ്തീനിൽ ആഭ്യന്തര കാര്യങ്ങളിൽ നിഷേധാത്മക സ്വാധീനം ചെലുത്തിയും ഫലസ്തീൻ കക്ഷികളെ ഉപകരണങ്ങളാക്കിയും തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കുന്നതിനാണ് ഖത്തർ ശ്രമിക്കുന്നത്. ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതിന് സൗദി അറേബ്യയും ഈജിപ്തും യു.എ.ഇയും ബഹ്‌റൈനും മുന്നോട്ടുവെച്ച ഉപാധികളിൽ വിട്ടുവീഴ്ചയില്ല. ഉപാധികൾ ഖത്തർ ഗവൺമെന്റ് അംഗീകരിക്കുകയാണ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പോംവഴി.
ഭീകരതക്കുള്ള പിന്തുണ ഖത്തർ നിർത്തിവെക്കുകയും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതെ വിട്ടുനിൽക്കുകയും വേണം. വിശ്വസിക്കാവുന്ന പങ്കാളിയും അയൽ രാജ്യവുമായി ഖത്തർ മാറണം. ഇതോടെ അയൽ രാജ്യങ്ങളും ഖത്തറും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാകും.
സിറിയയുമായുള്ള നയതന്ത്രം പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ അറബ് രാജ്യങ്ങളുടെ പൊതുനിലപാടിനൊപ്പം സൗദി അറേബ്യ നിലയുറപ്പിക്കും. സിറിയയിലെ സൗദി എംബസി അടഞ്ഞുകിടക്കുകയാണ്. ഇരു രാജ്യങ്ങൾക്കുമിടയിൽ നിലവിൽ വിമാന സർവീസുകളില്ലെന്നും ഡോ. അബ്ദുല്ല ആലുശൈഖ് പറഞ്ഞു.