കൊച്ചി- പൊതുതാൽപര്യ ഹരജിയെന്ന വ്യാജേന ദുരുദ്ദേശ്യപരമായ ഹരജി നൽകിയതിന് ഹൈക്കോടതി വിധിച്ച 25,000 രൂപ പിഴ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ അടച്ചു. ഇതിന്റെ രേഖകൾ പുറത്തു വന്നു. ഹൈക്കോടതി ലീഗൽ സർവീസ് കമ്മിറ്റിയിലാണ് തിങ്കളാഴ്ച ശോഭാ സുരേന്ദ്രൻ പിഴയടച്ചത്. താൻ പിഴയടയ്ക്കില്ലെന്നും സുപ്രീം കോടതിയെ സമീപിക്കുമെന്നുമാണ് ഹൈക്കോടതി വിധി വന്ന ദിവസം ശോഭാ സുരേന്ദ്രൻ പ്രഖ്യാപിച്ചിരുന്നത്. താൻ കോടതിയിൽ മാപ്പിരന്നില്ലെന്നും അവർ പറഞ്ഞു. അടിസ്ഥാന രഹിതമായ ഹരജിയുമായി സുപ്രീം കോടതിയെ സമീപിച്ചാൽ പിഴ വൻതോതിൽ വർധിക്കുമെന്ന നിയമോപദേശത്തെ തുടർന്നാണ് പിഴ അടച്ചതെന്നാണ് വിവരം.
വിവരാവകാശ നിയമ പ്രകാരം മുമ്പ് നൽകിയ അപേക്ഷയിൽ വിവരങ്ങൾ ലഭിച്ചില്ലെന്നും അത് നൽകാൻ ഉത്തരവുണ്ടാകണമെന്നുമായിരുന്നു ശോഭയുടെ ഹരജിയിലെ പ്രധാന ആവശ്യം. എന്നാൽ, ശബരിമലയിൽ യുവതീ പ്രവേശമാവാമെന്ന സുപ്രീം കോടതി വിധിയെ എതിർത്ത് സംഘ്പരിവാർ നടത്തിയ അക്രമങ്ങളുടെ വിവരം വേണമെന്നായിരുന്നു ഹരജിയിലെ ഇടക്കാല ആവശ്യം. എന്തുകൊണ്ടാണ് ഹരജിയിലെ ഇടക്കാല ആവശ്യം ഇതായതെന്നായിരുന്നു കോടതിയുടെ ചോദ്യം. ദുരുദ്ദേശ്യപരമായ വ്യവഹാരമാണിതെന്നും വില കുറഞ്ഞ പ്രശസ്തിക്കു വേണ്ടി കോടതിയെ ദുരുപയോഗിക്കുന്നത് അനുവദിക്കാനാവില്ലെന്നും ടെഹസീൻ പൂനാവാല കേസിൽ പൊതുതാൽപര്യ ഹരജികളുടെ സ്വഭാവത്തെക്കുറിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിലെ കാഴ്ചപ്പാടുകൾക്ക് എതിരാണ് ശോഭയുടെ ഹരജിയെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തുടർന്ന് ഹരജി പിൻവലിക്കാൻ തയാറായ ശോഭയുടെ അഭിഭാഷകൻ നിരുപാധികം മാപ്പു പറഞ്ഞു. എന്നാൽ, അനാവശ്യ വ്യവഹാരങ്ങൾക്കുള്ള സന്ദേശം കൂടിയാണിതെന്ന് വ്യക്തമാക്കിയാണ് 25,000 രൂപ കോടതിച്ചെലവ് കെട്ടിവെക്കാൻ കോടതി നിർദേശിച്ചത്. പിഴ അടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി നടത്തണമെന്നും കോടതി ഉത്തരവിട്ടിരുന്നു.