തായിഫ് - കിഴക്കൻ തായിഫിലെ മോയയിൽ പത്തു കാറുകളുടെ ചില്ലുകൾ അജ്ഞാതർ അടിച്ചുതകർത്തു. ഓൾഡ് മോയ-ബഹ്‌റ റോഡിൽ നിർത്തിയിട്ട കാറുകളുടെ ചില്ലുകളാണ് അടിച്ചുതകർത്തത്. കാറുകൾക്കകത്തു നിന്ന് വിലപിടിച്ച വസ്തുക്കൾ കവർന്നിട്ടുമുണ്ട്. സംഭവത്തിൽ സുരക്ഷാ വകുപ്പുകൾ അന്വേഷണം ആരംഭിച്ചു. പ്രതിയെന്ന് സംശയിക്കുന്നയാളെ കുറിച്ച് വാഹന ഉടമകൾ സുരക്ഷാ വകുപ്പുകൾക്ക് വിവരം നൽകിയിട്ടുണ്ട്.
അൽറംഥിയ ഗ്രാമവാസികളായ സർക്കാർ ജീവനക്കാരുടെ കാറുകളാണ് അടിച്ചുതകർത്തിരിക്കുന്നത്. ടാർ റോഡ് അവസാനിക്കുന്ന സ്ഥലത്ത് കാറുകൾ നിർത്തിയിട്ട് മൺപാതയിലൂടെ സഞ്ചരിക്കുന്നതിന് മറ്റു കാറുകൾ ഉപയോഗിക്കുകയാണ് ഗ്രാമവാസികൾ ചെയ്യുന്നത്. ടാർ റോഡ് അവസാനിക്കുന്ന സ്ഥലത്തു നിന്ന് അൽറംഥിയ ഗ്രാമത്തിലേക്ക് പത്തു കിലോമീറ്റർ ദൂരമുണ്ട്. ഇതാദ്യമായല്ല ഇവിടെ നിർത്തിയിടുന്ന കാറുകൾ അടിച്ചുതകർത്ത് വിലപിടിച്ച വസ്തുക്കൾ കവരുന്നതെന്ന് നാട്ടുകാർ പറഞ്ഞു.