ജിദ്ദ- വിശുദ്ധ റമദാനില്‍ ഉംറ നിര്‍വഹിക്കാന്‍ പോകുന്നവര്‍ ഗതാഗത നിയന്ത്രണവും മതാഫിലെ നിയന്ത്രണങ്ങളും ശ്രദ്ധിക്കണം.
റമദാനില്‍ മക്കയില്‍ ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്. വിശുദ്ധ ഹറമിലേക്ക് പോകുന്ന തീര്‍ഥാടകരുടെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിന് ഒമ്പതു പാര്‍ക്കിംഗ് ഏരിയകള്‍ നീക്കിവെച്ചതായി മക്ക ട്രാഫിക് ഡയറക്ടറേറ്റ് മേധാവി കേണല്‍ ബാസിം അല്‍ബദ്‌രി അറിയിച്ചു.
അല്‍ശുഹദാ, കുദയ്, അല്‍റസീഫ, റബ്‌വ മിന, പ്രിന്‍സ് മിത്അബ് റോഡ്, ജംറ, ദഗ്മുല്‍വബ്ര്‍, അല്‍സാഹിര്‍ (അല്‍ശുഹദാ), അല്‍സാഹിര്‍ എന്നീ പാര്‍ക്കിംഗുകളില്‍നിന്ന് ഹറമിന് സമീപത്തെ വ്യത്യസ്ത ബസ് സ്‌റ്റേഷനുകളിലേക്ക് ഷട്ടില്‍ സര്‍വീസുണ്ടാകും.
ഓരോ പാര്‍ക്കിംഗില്‍നിന്നും പ്രത്യേക ബസ് സ്‌റ്റേഷനുകളിലേക്കാണ് സര്‍വീസുണ്ടാവുക. മക്കക്ക് പുറത്ത് അഞ്ചു പാര്‍ക്കിംഗുകളുണ്ട്. തായിഫ്അല്‍സൈല്‍ റോഡിലെ അല്‍ശറായിഅ്, തായിഫ് റോഡ് (അല്‍കര്‍), ലൈത്ത് റോഡ്, ശുമൈസി, മദീന റോഡ് പാര്‍ക്കിംഗുകളില്‍ നിന്നും ഹറമിനു സമീപത്തെ ബസ് സ്‌റ്റേഷനുകളിലേക്കും തിരിച്ചും ഷട്ടില്‍ സര്‍വീസുകളുണ്ടാകും.
ഹറമിനടുത്ത പ്രദേശങ്ങളിലേക്ക് വാഹനങ്ങള്‍ കടത്തിവിടുന്നത് നിയന്ത്രിക്കുന്നതിന് പ്രധാനപ്പെട്ട എല്ലാ റോഡുകളിലും ചെക്ക് പോയന്റുകളുണ്ടാകും. തീര്‍ഥാടകരുമായി എത്തുന്ന ബസുകള്‍ ഹറമിനടുത്ത സ്‌റ്റേഷനുകളിലേക്ക് കടത്തിവിടും. പാര്‍ക്കിംഗുകളില്‍ വാഹനങ്ങള്‍ നിര്‍ത്തി തീര്‍ഥാടകര്‍ ട്രാഫിക് പോലീസുകാരുമായി സഹകരിക്കണമെന്ന് കേണല്‍ ബാസിം അല്‍ബദ്‌രി ആവശ്യപ്പെട്ടു.
റമദാനില്‍ വിശുദ്ധ ഹറമിലെ മതാഫില്‍ തറാവീഹ്, തഹജ്ജുദ്, ഐഛിക നമസ്‌കാരങ്ങള്‍ നിര്‍വഹിക്കുന്നത് തടയാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റമദാനില്‍ മതാഫില്‍ ഇഫ്താര്‍, അത്താഴ സുപ്രകള്‍ വിലക്കാനും നിര്‍ദേശമുണ്ട്. നിര്‍ബന്ധ നമസ്‌കാരങ്ങളുടെ സമയത്ത് ത്വവാഫ് നിര്‍വഹിക്കുന്നവരെ മതാഫില്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ അനുവദിക്കും.
തറാവീഹ് നമസ്‌കാരങ്ങള്‍ മതാഫില്‍ നിര്‍വഹിക്കുന്നത് ത്വവാഫ് നിര്‍വഹിക്കുന്ന തീര്‍ഥാടകര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതിനെ കുറിച്ച റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്താണ് ഗവര്‍ണറുടെ നിര്‍ദേശം. നമസ്‌കാരങ്ങള്‍ക്കു തൊട്ടുമുമ്പ് വിശുദ്ധ കഅ്ബാലയത്തിനു മുന്നിലുള്ള നിരകളില്‍
സ്ഥലം പിടിക്കുന്നതും വിലക്കും