Sorry, you need to enable JavaScript to visit this website.

ജീവനക്കാരികൾക്കുള്ള ഗതാഗത സഹായം: 13,000 പേർക്ക് പ്രയോജനം 

റിയാദ് - സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദി വനിതകൾക്ക് ഗതാഗത സഹായം നൽകുന്ന പദ്ധതിയും കുട്ടികളെ ക്രഷേുകളിലും ശിശുപരിചരണ കേന്ദ്രങ്ങളിലും ചേർക്കുന്നതിന് ധനസഹായം നൽകുന്ന പദ്ധതിയും 13,516 പേർ പ്രയോജനപ്പെടുത്തുന്നതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവ ശേഷി വികസന നിധി അറിയിച്ചു. 
ഗതാഗത സഹായ പദ്ധതിയിൽ 12,851 പേരും ശിശുപരിചരണ സഹായ പദ്ധതിയിൽ 665 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദി വനിതകളുടെ കുട്ടികളെ പരിചരിക്കുന്നതിനുള്ള പദ്ധതിക്കു കീഴിൽ വിവിധ പ്രവിശ്യകളിലെ 158 ക്രഷേുകളും ശിശുപരിചരണ കേന്ദ്രങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓൺലൈൻ ടാക്‌സി കമ്പനികളുമായി സഹകരിച്ചാണ് വനിതാ ജീവനക്കാർക്കുള്ള ഗതാഗത സഹായ പദ്ധതി നടപ്പാക്കുന്നത്. 
ഗതാഗത സഹായ പദ്ധതി വ്യവസ്ഥകൾ അടുത്തിടെ ലഘൂകരിച്ചിട്ടുണ്ട്. പദ്ധതി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന വനിതാ ജീവനക്കാരുടെ വേതനം 8000 റിയാലിൽ കൂടുതലാകാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. മാസത്തിൽ 800 റിയാൽ വരെയാണ് ഗതാഗത സഹായമായി വനിതാ ജീവനക്കാർക്ക് നൽകുന്നത്. ഗതാഗത ചെലവ് ഇനത്തിൽ ഗുണഭോക്താക്കൾ മാസത്തിൽ 200 റിയാൽ വീതം വഹിക്കണമെന്ന വ്യവസ്ഥ റദ്ദാക്കിയിട്ടുണ്ട്. പദ്ധതിയിൽ നിന്ന് പന്ത്രണ്ടു മാസത്തേക്കാണ് വനിതാ ജീവനക്കാക്ക് ധനസഹായം നൽകുക. 
കുട്ടികളെ പരിചരണ കേന്ദ്രങ്ങളിൽ ചേർക്കുന്നതിന് ധനസഹായം നൽകുന്ന പദ്ധതി വ്യവസ്ഥകളിലും ഇളവുകൾ വരുത്തിയിട്ടുണ്ട്. ഒരു ഗുണഭോക്താവിന് നാലു വർഷം വരെയാണ് പദ്ധതി വഴി ധനസഹായം നൽകുക. ഓരോ ഗുണഭോക്താവിന്റെയും രണ്ടു കുട്ടികളെ വീതം ശിശുപരിചരണ കേന്ദ്രങ്ങളിൽ ചേർക്കുന്നതിന് ധനസഹായം ലഭിക്കും. 
നേരത്തെ കുട്ടികൾക്ക് നാലു വയസ്സ് തികയുന്നതു വരെയാണ് പദ്ധതി വഴി ഗുണഭോക്താക്കൾക്ക് സഹായം നൽകിയിരുന്നത്. ഇത് ഇപ്പോൾ ആറു വയസ്സ് ആയി ഉയർത്തിയിട്ടുണ്ട്. പദ്ധതി പ്രകാരം ആദ്യ വർഷം ഒരു കുട്ടിയെ ക്രഷേയിൽ ചേർക്കുന്നതിനുള്ള ഫീസ് ഇനത്തിൽ പ്രതിമാസം 800 റിയാലും രണ്ടാം വർഷം 600 റിയാലും മൂന്നാം വർഷം 500 റിയാലും നാലാം വർഷം 400 റിയാലും ധനസഹായമായി ലഭിക്കും. 

Latest News