Sorry, you need to enable JavaScript to visit this website.

ഭക്ഷണ പാനീയങ്ങളിലെ കലോറി വെളിപ്പെടുത്തിയില്ല; ജിദ്ദയില്‍ 60 സ്ഥാപനങ്ങള്‍ക്ക് പിഴ

ജിദ്ദ-   ഭക്ഷണ പാനീയങ്ങളിൽ അടങ്ങിയ കലോറി ഉപയോക്താക്കൾക്കു മുന്നിൽ വെളിപ്പെടുത്തണമെന്ന വ്യവസ്ഥ പാലിക്കാത്തതിന് ജിദ്ദയിൽ 60 സ്ഥാപനങ്ങൾക്ക് ഇതിനകം പിഴ ചുമത്തിയതായി ജിദ്ദ നഗരസഭ അറിയിച്ചു. മെനു പട്ടികയിൽ ഓരോ ഭക്ഷണ, പാനീയങ്ങളിലും അടങ്ങിയ കലോറി രേഖപ്പെടുത്താത്തതിനാണ് ഈ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയത്. 
കലോറി വെളിപ്പെടുത്തൽ വ്യവസ്ഥ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് ജിദ്ദയിൽ ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തുന്ന 100 ലേറെ സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നഗരസഭാധികൃതർ പരിശോധനകൾ നടത്തി. കലോറി വെളിപ്പെടുത്തൽ വ്യവസ്ഥ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയവുമായും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുമായും സഹകരിച്ചാണ് ജിദ്ദ നഗരസഭ പരിശോധനകൾ നടത്തുന്നത്. കലോറി വെളിപ്പെടുത്തൽ വ്യവസ്ഥ ജനുവരി ഒന്നു മുതലാണ് സൗദിയിൽ നിർബന്ധമാക്കിയത്. വ്യവസ്ഥ പാലിക്കുന്നതിന് നേരത്തെ മൂന്നു മാസത്തെ സാവകാശം നൽകിയിരുന്നു. 
ഇത് ഡിസംബർ 31 ന് അവസാനിച്ചിരുന്നു. ഭക്ഷണങ്ങൾക്കൊപ്പം വിതരണം ചെയ്യുന്ന ഐസ്‌ക്രീം, ശീതളപാനീയങ്ങൾ, സോസുകൾ, കേക്കുകൾ അടക്കമുള്ള വസ്തുക്കളിലെ കലോറികളും ഉപയോക്താക്കൾക്കു മുന്നിൽ വെളിപ്പെടുത്തൽ നിർബന്ധമാണ്. കലോറി കുറഞ്ഞ, അനുയോജ്യവും ആരോഗ്യകരവുമായ ഭക്ഷണ പാനീയങ്ങൾ തെരഞ്ഞെടുക്കുന്നതിന് പുതിയ വ്യവസ്ഥ ഉപയോക്താക്കളെ സഹായിക്കും. 
 

Latest News