തിരുവനന്തപുരം- മുന്നോക്കക്കാരായ നായര്‍, നമ്പൂതിരി സമുദായങ്ങള്‍ക്ക് പുറമേ ക്രിസ്ത്യാനികളിലെ മുന്നോക്കക്കാരും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സാമ്പത്തിക സംവരണത്തിന്റെ ഗുണഭോക്താക്കളാവും. കണക്കുകള്‍ പ്രകാരം, കേരളത്തിലെ 68 ശതമാനം ക്രിസ്ത്യാനികള്‍ക്കാണ് പുതിയ സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുക. നലവില്‍ ക്രിസ്ത്യാനികളിലെ 15.2 ശതമാനം വരുന്ന ലത്തീന്‍ കത്തോലിക്കര്‍ക്കും സി.എസ്.ഐക്കാര്‍ക്കും മാത്രമാണ് സംവരണം ലഭിക്കുന്നത്. പുതിയ സംവരണ ബില്‍ നടപ്പാവുന്നതോടെ, ക്രിസത്യാനികളിലെ മുന്നോക്കക്കാരും പ്രബല വിഭാഗങ്ങളുമായ സിറോ മലബാര്‍, സിറോ മലങ്കര എന്നീ വിഭാഗങ്ങള്‍ക്കും ഓര്‍ത്തോഡക്‌സുകാര്‍ക്കും യാക്കോബക്കാര്‍ക്കും മാര്‍ത്തോമക്കാര്‍ക്കും സംവരണാനുകൂല്യം ലഭിക്കും. നിലവില്‍ സംവരണത്തിന്റെ പുറത്തു നില്‍ക്കുന്ന മുന്നോക്ക വിഭാഗങ്ങളെല്ലാം കൂടി കേരളത്തിലെ ആകെ ജനസംഖ്യയുടെ 68 ശതമാനം വരും.
ജനസംഖ്യയില്‍ ഏഴ് ശതമാനമാണ് സീറോ മലബാര്‍ ക്രിസ്ത്യാനികള്‍. സീറോ മലങ്കരക്കാര്‍ (1.4) ഓര്‍ത്തോഡക്‌സുകാര്‍ (1.5) യാക്കോബക്കാര്‍ (1.4) മാര്‍ത്തോമ സിറിയന്‍ ക്രിസ്ത്യാനികള്‍ (1.2) എന്നിങ്ങനെയാണ് ജനസംഖ്യാ ശതമാനം. മുന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം നടപ്പാക്കാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ വിവിധ സഭകളും നായര്‍ സര്‍വ്വീസ് സൊസൈറ്റിയും കേരള ബ്രാഹ്മണ സഭയും സ്വാഗതം ചെയ്തിട്ടുണ്ട്.
കേരള ജനസംഖ്യയില്‍ 12 ശതമാനം വരുന്ന നായര്‍ സമുദായത്തിനും മൂന്ന് ശതമാനം വരുന്ന ബ്രാഹ്മണര്‍ക്കും സംവരണത്തിന്റെ ആനുകൂല്യം ലഭിക്കും. മുന്നോക്ക വിഭാഗത്തില്‍പെട്ട സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസ, തൊഴില്‍ രംഗങ്ങളില്‍ 10 ശതമാനം സംവരണം വിഭാവനം ചെയ്യുന്ന സാമ്പത്തിക സംവരണ ബില്‍ രാജ്യസഭയും ലോകസഭയും പാസ്സാക്കിയിട്ടുണ്ട്.
ഭരണഘടനയുടെ 124-ാം ഭേഗതഗതി ബില്‍ ആണിത്. നിലവില്‍ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തില്‍ സംവരണം നല്‍കാന്‍ ഭരണഘടന അനുവദിക്കുന്നില്ല. ഇതു മറികടക്കാന്‍ സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ ഭരണഘടന ഭേദഗതി ചെയ്യുന്ന ബില്ലാണ് ഇരു സഭകളും പാസാക്കിയത്. ബ്രാഹ്മണര്‍, രജപുത്രര്‍, ജാട്ടുകള്‍, മറാത്ത, ഭൂമിഹാര്‍ തുടങ്ങി നിരവധി മേല്‍ജാതി വിഭാഗങ്ങള്‍ക്ക് വലിയ ഗുണം ചെയ്യുന്ന ബില്ലാണിത്. മറ്റു മതവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ഈ ബില്‍ ഗുണം ചെയ്യും.