തിരുവനന്തപുരം- സോഷ്യൽ മീഡിയാ രംഗത്ത് ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് പത്തുലക്ഷം ലൈക്ക് നേടി ചരിത്രം കുറിച്ചു. ലോകത്തിലെ വമ്പൻ പോലീസ് സന്നാഹമായ ന്യൂയോർക്ക് പോലീസിന്റെ പേജിനെ മറികടന്നാണ് കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജ് 1 മില്യൺ എന്ന മാന്ത്രിക സംഖ്യ കടന്നത്. ഇതിന്റെ ഔദ്യോഗിക അറിയിപ്പ് ഇന്ന് ഉച്ചക്ക് ശേഷം 2.45ന് പോലീസ് ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ ഫെയ്‌സ്ബുക്ക് ഇന്ത്യ (trust and saftey) മേധാവി സത്യയാദവ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. ചടങ്ങിൽ ഈ ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിച്ച പോലീസിന്റെ ഫെയ്‌സ്ബുക്കിന്റെ പിന്നിലുള്ള ഉദ്യാഗസ്ഥരെ മുഖ്യമന്ത്രി ആദരിക്കും. തുടർന്ന് സുരക്ഷിതമായ യാത്രയെക്കുറിച്ച് റെയിൽവെ പോലീസ് തയാറാക്കിയ ബോധവത്കണ ഹ്രസ്വ ചിത്രത്തിന്റെ സി.ഡിയും മുഖ്യമന്ത്രി പ്രകാശനം ചെയ്യും.
സോഷ്യൽ മീഡിയ വഴി പോലീസിന്റെ മാർഗനിർദേശങ്ങളും മുന്നറിയിപ്പുകളും, ട്രാഫിക് സൈബർ സംബന്ധമായ ബോധവത്കരണവും, നിയമ കാര്യങ്ങൾ എന്നിവ ജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടിയാണ് കേരള പോലീസ് ഫെയ്‌സ്ബുക്ക് പേജ് ആരംഭിച്ചത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ പൊതുജനങ്ങൾ കൈനീട്ടി സ്വീകരിച്ചതോടെ വൻ ജന പിൻതുണയാണ് കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജിന് ലഭിച്ചിരുന്നത്. പേജിൽ ട്രോളുകളുടേയും, വീഡിയോകളുടേയും രൂപത്തിൽ അവതരിപ്പിച്ച ആശയം വൻ ഹിറ്റായതോടെയാണ് ലോകോത്തര പോലീസ് പേജുകളെ പിന്നിലാക്കി കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജ് നേട്ടം കൊയ്യുന്നത്. ചടങ്ങിൽ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, എ.ഡി.ജി.പി മനോജ് എബ്രഹാം തുടങ്ങിയവർ പങ്കെടുക്കും.