Sorry, you need to enable JavaScript to visit this website.

ഇതാണ് സൗദി അറേബ്യ; തരംഗമായി സൗദി യുവതയുടെ ബഹുഭാഷാ പ്രചാരണം - Video

റിയാദ്- വിവിധ ലോകഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാനറിയാവുന്ന ഒരു പറ്റം സൗദി യുവതീ യുവാക്കളുടെ പുതിയ സോഷ്യല്‍ മിഡിയാ പ്രചാരണം ശ്രദ്ധേയമാകുന്നു. സൗദി അറേബ്യയെ കുറിച്ചും ഇവിടുത്തെ സംസ്‌ക്കാരം, ജീവിതം, കല തുടങ്ങി നാനാതുറകളെ കുറിച്ചും വിവിധ ഭാഷകളില്‍ ലളിതമായി ലോകത്തെ പരിചയപ്പെടുത്തുകയാണ് ഈ യുവജനങ്ങളുടെ വേറിട്ട ശ്രമം. സൗദി അറേബ്യ എല്ലാ ഭാഷകളിലും എന്നു പേരിട്ടിരിക്കുന്ന ഈ സന്നദ്ധ പ്രവര്‍ത്തനം ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ വന്‍ സ്വീകാര്യത നേടി. സൗദിയുടെ സ്വത്വവും ചരിത്രവും സ്പാനിഷ്, കൊറിയന്‍, ചൈനീസ് തുടങ്ങി നിരവധി ഭാഷകളില്‍ സൗദി യുവതീ യുവാക്കള്‍ തന്നെ ലോകവുമായി പങ്കുവയ്ക്കുന്നു എന്നതാണ് ഈ പ്രചാരണത്തിന്റെ പ്രത്യേക. 11 ഭാഷകള്‍ സംസാരിക്കുന്ന സ്വദേശികളായ 264 വളണ്ടിയര്‍മാര്‍ ഇപ്പോള്‍ ഈ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉണ്ട്.

സൗദിയില്‍ വിവിധ മേഖലകളില്‍ നടക്കുന്ന പ്രാദേശി സാംസ്‌കാരിക പരിപാടികള്‍, ആഘോഷങ്ങള്‍, സമ്മേളനങ്ങള്‍ തുടങ്ങിയവയില്‍ പങ്കെടുക്കുന്ന ഈ വളണ്ടിയര്‍മാര്‍ വിവിധ ഭാഷകളില്‍ തങ്ങളുടെ അനുഭവം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയാണ് ചെയ്യുന്നത്. ഇതു വഴി യഥാര്‍ത്ഥ സൗദിയെ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുന്നു. മിസ്‌ക് ഗ്ലോബല്‍ ഫോറം, കിങ് അബ്ദുല്‍ അസീസ് സെന്റര്‍ ഫോര്‍ നാഷണല്‍ ഡയലോഗ്, ഫോര്‍മുല ഇ- റേസിങ് ചാമ്പ്യന്‍ഷിപ്പ്, ജനാദ്രിയ ഫെസ്റ്റിവല്‍ തുടങ്ങിയ വിവിധ പരിപാടികള്‍ വിവിധ ലോകഭാഷകളില്‍ ഈ സംഘം ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചിട്ടുണ്ട്.

ഭാഷാ പ്രവണതകളും താല്‍പര്യങ്ങളും കണ്ടെത്തി ഇതിലൂടെ സന്ദേശം കൈമാറുകയാണ് ഇവരുടെ രീതികളിലൊന്ന്. പ്രധാനമായും ഇവര്‍ ലക്ഷ്യമിടുന്നത് ലോകത്ത് ഏറ്റവും കുടുതല്‍ സംസാരിക്കുന്ന ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച് ഭാഷകളെയാണ്. ലോകഭാഷകളില്‍ നൈപുണ്യമുള്ള സൗദി യുവജനങ്ങളേയും ഈ സംഘത്തില്‍ ചേരാന്‍ ഇവര്‍ പ്രോത്സാഹിപ്പിക്കുന്നു. 

സൗദി അറേബ്യയുമായി ബന്ധപ്പെട്ട പല വിവരങ്ങളും ലളിതമായി ഈ ഭാഷകളിലൂടെ പരിചയപ്പെടുത്തുകയാണ് ഇവര്‍ ചെയ്യുന്നത്. സംസ്‌കാരങ്ങള്‍ തമ്മിലുള്ള ഇടപഴകലിനും പരസ്പരം അറിയുന്നതിനും മികച്ച ഒരു ടൂള്‍ ആണ് മൊഴിമാറ്റം. സൗദിയെ കുറിച്ച് പലര്‍ക്കും തെറ്റിദ്ധാരണകള്‍ ഉണ്ട്. അത് ഈ സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ ഇല്ലാതാക്കാനാകുമെന്നും പ്രചാരണത്തിന് തുടക്കമിട്ടവര്‍ പ്രതീക്ഷിക്കുന്നു.
 

Latest News