റിയാദ് - വൈജ്ഞാനിക മേഖലക്ക് അമൂല്യ സംഭാവനകൾ അർപ്പിച്ചവർക്ക് നൽകുന്ന ലോകോത്തര ബഹുമതികളിലൊന്നായ കിംഗ് ഫൈസൽ അന്താരാഷ്ട്ര പുരസ്‌കാരത്തിന് അർഹരായവരെ പ്രഖ്യാപിച്ചു.
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും കിംഗ് ഫൈസൽ ഫൗണ്ടേഷൻ സി.ഇ.ഒയുമായ മക്ക ഗവർണർ ഖാലിദ് അൽഫൈസൽ രാജകുമാരന്റെ സാന്നിധ്യത്തിൽ സെക്രട്ടറി ജനറൽ ഡോ. അബ്ദുൽ അസീസ് അൽസബൈൽ ആണ് റിയാദിലെ ഫൈസലിയ ഹോട്ടലിലെ അമീർ സുൽത്താൻ ഓഡിറ്റോറിയത്തിൽ ജേതാക്കളുടെ പേരുകൾ പ്രഖ്യാപിച്ചത്.ഇസ്‌ലാമിക സേവനം, ഇസ്‌ലാമിക പഠനം, സയൻസ്, മെഡിസിൻ, അറബി ഭാഷ - സാഹിത്യം എന്നീ അഞ്ചു മേഖലകളിൽ മികച്ച സംഭാവനകളർപ്പിച്ച ആറു പേരെയാണ് 41 ാമത് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. മൊറോക്കോ തലസ്ഥാനമായ റബാത്തിലെ മുഹമ്മദ് അഞ്ചാമൻ യൂണിവേഴ്‌സിറ്റിയിലെ ഡോ. അബ്ദുൽ ആലി മുഹമ്മദ് വദ്ഗീരി, ഈജിപ്തിലെ കയ്‌റോ യൂണിവേഴ്‌സിറ്റിയിലെ ഡോ. മഹ്മൂദ് ഫഹ്മി ഹിജാസി (അറബി ഭാഷ- സാഹിത്യം), അമേരിക്കയിലെ പ്രൊഫസർ ബിയോറൻ റീനോ ഓൾസൻ, സ്റ്റീവൻ ടീറ്റെൽബൗൺ (മെഡിസിൻ -അസ്ഥി ശാസ്ത്രം), അമേരിക്കയിലെ പ്രൊഫ. അലൻ ജോസഫ് ബാർഡ്, പ്രൊഫ. ജോൺ എം.ജെ ഫ്രേഷറ്റ് (രസതന്ത്രം) എന്നിവരാണ് ജേതാക്കൾ. ഇസ്‌ലാമിക സേവനത്തിന് സുഡാനിലെ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ആഫ്രിക്കയും പുരസ്‌കാരം നേടി.كلمة الأمير #خالد_الفيصل قبيل إعلان أسماء الفائزين#جائزة_الملك_فيصل_١٤٤٠ pic.twitter.com/Z46iULYR2f
— KFPجائزة الملك فيصل (@KingFaisalPrize) January 9, 2019
1979 ൽ അവാർഡ് പ്രഖ്യാപനം മുതൽ ഇതുവരെ 43 രാജ്യങ്ങളിൽനിന്നായി 253 പേർക്കാണ് അവാർഡ് വിതരണം ചെയ്തത്. 1979 ൽ അബുൽ അഅ്‌ല മൗദൂദി, 1981 ൽ ഖാലിദ് രാജാവ്, 1984ൽ ഫഹദ് രാജാവ്, 1986ൽ അഹമ്മദ് ദീദാത്ത്, 2002 ൽ ഷാർജ ഭരണാധികാരി ഡോ. സുൽത്താൻ അൽഖാസിമി, 2010ൽ തുർക്കി പ്രസിഡന്റ് ഉർദുഗാൻ, 2015 ൽ സാക്കിർ നായിക്ക്, 2017 ൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് എന്നിവരാണ് അവാർഡ് നേടിയ പ്രമുഖർ.