റിയാദ്- സൗദി അറേബ്യയുടെ സ്ഥിരീകരിക്കപ്പെട്ട എണ്ണ, ഗ്യാസ് ശേഖരത്തില്‍ വന്‍ വര്‍ധന. രാജ്യത്തെ ആകെ പെട്രോള്‍ ശേഖരം 266.2 ബില്യണ്‍ ബാരലും ഗ്യാസ് ശേഖരം 307.9 ട്രില്യണ്‍ ഘന അടിയുമാണ്. ഇതില്‍ 260.9 ബില്യണ്‍ ബാരല്‍ എണ്ണയും 302.3 ട്രില്യണ്‍ ഘന അടി ഗ്യാസും സൗദി അറാംകൊയുടെ നിയന്ത്രണത്തില്‍ പെട്ട പ്രദേശങ്ങളിലാണ്.
കണ്‍സള്‍ട്ടന്‍സി മേഖലയിലെ മുന്‍നിര കമ്പനിയായ ഡി ആന്റ് എം, സൗദി അറാംകൊ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ സൗദി അറാംകൊ ഏരിയയിലെ എണ്ണ ശേഖരത്തില്‍ 2.2 ബില്യണ്‍ ബാരലിന്റെ വര്‍ധന രേഖപ്പെടുത്തി. ഗ്യാസ് ശേഖരം 319.5 ട്രില്യണ്‍ ഘന അടിയായും വര്‍ധിച്ചു.
സൗദി അറാംകൊ നിയന്ത്രണത്തില്‍ പെട്ടതല്ലാത്ത, സൗദി അറേബ്യയും കുവൈത്തും സംയുക്തമായി പങ്കുവെക്കുന്ന പ്രദേശത്ത് സൗദി അറേബ്യയുടെ വിഹിതത്തില്‍ പെട്ട ഭാഗത്ത് 540 കോടി ബാരല്‍ എണ്ണ ശേഖരവും 5.6 ട്രില്യണ്‍ ക്യുബിക് അടി വാതക ശേഖരവുമുണ്ട്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സൗദി അറേബ്യയുടെ ആകെ എണ്ണ ശേഖരം 268.5 ബില്യണ്‍ ബാരലും ഗ്യാസ് ശേഖരം 325.1 ട്രില്യണ്‍ ഘന അടിയായും ഉയര്‍ന്നു.
ലോകത്ത് എണ്ണയുല്‍പാദന ചെലവ് ഏറ്റവും കുറവ് സൗദി അറേബ്യയിലാണെന്ന് സൗദി ഊര്‍ജ, വ്യവസായ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. സൗദി അറാംകൊക്കു കീഴിലെ എണ്ണ വ്യവസായ കേന്ദ്രങ്ങളില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം ലോകത്തെ ഏറ്റവും കുറഞ്ഞ തോതിലാണ്. സൗദി അറേബ്യയും സൗദി അറാംകൊയും ഉല്‍പാദിപ്പിക്കുന്ന ഓരോ ബാരല്‍ എണ്ണക്കും ലോകത്ത് ഏറ്റവും കൂടുതല്‍ ലാഭം ലഭിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകത്ത് ഏറ്റവും മൂല്യമുള്ള കമ്പനിയും ഏറ്റവും പ്രാധാന്യമേറിയ കമ്പനിയും സൗദി അറാംകൊ ആണെന്നും മന്ത്രി പറഞ്ഞു.