കോഴിക്കോട്- ശബരിമല ആക്ഷനിലൂടെ സി.പി.എം നേടിയ പിന്നോക്ക സമുദായ പിന്തുണ മുന്നോക്ക സംവരണ നയത്തോടെ ഇളകും. യു.ഡി.എഫിലെ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും മുന്നോക്ക സംവരണത്തെ പിന്തുണക്കുമ്പോള്‍ മുസ്‌ലിം ലീഗ് എതിരാണ്.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഹിന്ദുക്കളിലെ സവര്‍ണരും അവര്‍ണരും തമ്മിലെ വ്യത്യാസത്തെ ഉയര്‍ത്തിക്കാട്ടാന്‍ സി.പി.എം ശ്രമിച്ചിരുന്നു. സവര്‍ണാധിപത്യത്തിനെതിരെയുള്ള അവര്‍ണരുടെ പോരാട്ടവുമായി ബന്ധപ്പെടുത്തിയാണ് മുഖ്യമന്ത്രി ശബരിമല യുവതീ പ്രവേശനത്തെ കണ്ടത്. എസ്.എന്‍.ഡി.പി, പുലയ സഭ തുടങ്ങി പിന്നോക്ക സമുദായ സംഘടനകളും ദളിത് സംഘടനകളും പിണറായിക്ക് പിന്തുണ നല്‍കുകയും ചെയ്തു. ഇതിന്റെ ചൂടാറും മുമ്പാണ് കേന്ദ്രത്തിലെ മുന്നോക്ക സംവരണ നീക്കം. ഇതിനെ ആദ്യം സ്വാഗതം ചെയ്ത ആള്‍ പിണറായിയാണ്.
സംസ്ഥാനത്തെ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ സംവരണ നിഷേധത്തിനെതിരെ പിന്നോക്ക സമുദായ സംഘടനകളെ അണിനിരത്താന്‍ മുസ്‌ലിം ലീഗ് ശ്രമമാരംഭിച്ചിരിക്കെയാണ് കേന്ദ്രത്തിലെ സംവരണ നീക്കം. എസ്.എന്‍.ഡി.പി സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുന്നോക്ക സംവരണത്തെ അപലപിക്കുകയുണ്ടായി. സി.പി.എമ്മിന്റെ കേന്ദ്ര നേതൃത്വം പ്രതികരിക്കും മുമ്പേ പിണറായി സ്വാഗതം ചെയ്തുവെന്നതും ശ്രദ്ധേയമാണ്.
ദേവസ്വം വകുപ്പില്‍ മുന്നോക്ക സമുദായത്തിന് സംവരണം ഏര്‍പ്പെടുത്തുകയും മുന്നോക്ക സമുദായത്തിന് സംവരണം നല്‍കാന്‍ കേന്ദ്രത്തിന് കഴിയുമോ എന്ന് വെല്ലുവിളിക്കുകയും ചെയ്തു സി.പി.എം. ലോക്‌സഭയില്‍ ബി.ജെ.പിക്കൊപ്പം സി.പി.എമ്മും കോണ്‍ഗ്രസും മുന്നോക്ക സംവരണത്തെ പിന്തുണക്കുകയുണ്ടായി. കേരളത്തില്‍ നിന്ന് മുസ്‌ലിം ലീഗ് മാത്രമാണ് എതിര്‍ത്തത്.