റിയാദ് - ടെലികോം, ഐ.ടി മേഖലയില്‍ സൗദിവല്‍ക്കരണം നടപ്പാക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം. നെറ്റ് വര്‍ക്കിംഗ് ടെക്‌നീഷ്യന്‍, പ്രൊജക്ട് മാനേജ്‌മെന്റ്, സിസ്റ്റം അനലിസ്റ്റ്, സൈബര്‍ സെക്യൂരിറ്റി, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, പ്രോഗ്രാമിംഗ് എന്നീ മേഖലകളിലാണ് മുന്‍ഗണന നല്‍കുക.
ടെലികോം, ഐ.ടി മന്ത്രാലയവും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവും മാനവശേഷി വികസന നിധിയും സൗദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ടെലികോം, ഐ.ടി മന്ത്രാലയവും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവും നേരത്തെ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ ഭാഗമായാണ് ടെലികോം, ഐ.ടി മേഖലയില്‍ സൗദിവല്‍ക്കരണം നടപ്പാക്കുന്നതിനുള്ള പദ്ധതി. അടുത്ത വര്‍ഷം അവസാനത്തോടെ ഈ മേഖലയില്‍ 15,000 ലേറെ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുയാണ് ലക്ഷ്യം.
ടെലികോം, ഐ.ടി മേഖലയില്‍ ആകര്‍ഷകമായ തൊഴില്‍ സാഹചര്യം സൃഷ്ടിക്കുന്നതിനാണ് ടെലികോം, ഐ.ടി മന്ത്രാലയം ശ്രമിക്കുന്നതെന്ന് വകുപ്പ് മന്ത്രി പറഞ്ഞു. ദേശീയ പരിവര്‍ത്തന പദ്ധതി 2020 ന്റെ ഭാഗമായി ടെലികോം, ഐ.ടി മന്ത്രാലയവും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവും സഹകരിച്ച് നടത്തിയ ശ്രമങ്ങളുടെ ഫലമായി ടെലികോം, ഐ.ടി മേഖലയില്‍ സൗദിവല്‍ക്കരണം 43 ശതമാനമായി ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. 2016 ല്‍ ഈ മേഖലയില്‍ സൗദിവല്‍ക്കരണം 37 ശതമാനമായിരുന്നു. ഈ മേഖലയിലെ വനിതാ പങ്കാളിത്തം 11 ശതമാനത്തില്‍നിന്ന് 13 ശതമാനമായി ഉയര്‍ത്തുന്നതിനും സാധിച്ചിട്ടുണ്ടെന്ന് ടെലികോം, ഐ.ടി മന്ത്രി എന്‍ജിനീയര്‍ അബ്ദുല്ല അല്‍സവാഹ പറഞ്ഞു.
ടെലികോം, ഐ.ടി മന്ത്രി എന്‍ജിനീയര്‍ അബ്ദുല്ല അല്‍സവാഹ, തൊഴില്‍, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി, ഡെപ്യൂട്ടി ടെലികോം, ഐ.ടി മന്ത്രി എന്‍ജിനീയര്‍ ഹൈഥം അല്‍ഊഹലി, ഡെപ്യൂട്ടി തൊഴില്‍, സാമൂഹിക വികസന മന്ത്രി ഡോ. അബ്ദുല്ല അബൂസ്‌നൈന്‍, മാനവശേഷി വികസന നിധി ഡയറക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് അല്‍സുദൈരി, സൗദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സ് വൈസ് പ്രസിഡന്റ് അബ്ദുല്ല അല്‍ഉദൈം, ടെലികോം, ഐ.ടി മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. അഹ്മദ് അല്‍ഥുനയ്യാന്‍, തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ ഗാസി അല്‍ശഹ്‌റാനി എന്നിവര്‍ പദ്ധതി പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.